ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലീഗ് ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി മുൻ ചാമ്പ്യന്മാരായ ചെന്നൈയിനെ നേരിടും. സീസണിൽ ഇതുവരെ വിജയിക്കാൻ കഴിയാത്ത രണ്ട് ടീമുകളും ആദ്യ ജയം തന്നെയാകും ഇന്ന് ലക്ഷ്യമിടുന്നത്. ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് ആണ് മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങൾ കളിച്ച ബെംഗളൂരു എഫ് സി എല്ലാ മത്സരങ്ങളിലും സമനില വഴങ്ങുകയായിരുന്നു.
മൂന്ന് മത്സരങ്ങളിൽ നിന്നായി ആകെ ഒരു ഗോളാണ് ബെംഗളൂരു എഫ് സിക്ക് അടിക്കാനായത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയും പുതിയ സ്ട്രൈക്കർ മാനുവൽ എൻവുവും ഫോമിലേക്ക് എത്താതാണ് ബെംഗളൂരുവിനെ കാര്യമായി അലട്ടുന്നത്. മറുവശത്ത് ചെന്നൈയിന് ഗോളടി ബെംഗളൂരുവിനെക്കാൾ പ്രശ്നമാണ്. ഐ എസ് എല്ലിൽ അവസാന 450 മിനുട്ടുകളായി ഒരു ഗോൾ പോലും ചെന്നൈയിൻ നേടിയില്ല.
മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ ഒരു പോയിന്റ് ആണ് ചെന്നൈയിന് ഉള്ളത്. പക്ഷെ ബെംഗളൂരു എഫ് സിക്ക് എതിരെ എന്നും നന്നായി കളിക്കുന്ന ചരിത്രം ആവർത്തിക്കാമെന്ന പ്രതീക്ഷയാണ് ചെന്നൈയിന്.