ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് വിജയം. 87ആം മിനുട്ടിലെ ഗോളിൽ ഹാവി ഹെർണാണ്ടസ് ആണ് ബെംഗളൂരു എഫ് സിക്ക് വിജയം സമ്മാനിച്ചത്. കണ്ടീരവയിൽ ഇതുവരെ ജയിച്ചിട്ടില്ല എന്ന റെക്കോർഡ് തിരുത്താതെ ബ്ലാസ്റ്റേഴ്സിന് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
ബെംഗളൂരു എഫ് സിക്ക് രണ്ട് നല്ല അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും രണ്ട് തവണയും ടാർഗറ്റിലേക്ക് പന്ത് എത്തിക്കാൻ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ആയില്ല. അറ്റാക്കിൽ ദിമിത്രിയോസിന് നല്ല പിന്തുണ നൽകാൻ ബ്ലാസ്റ്റേഴ്സിലെ മറ്റു താരങ്ങൾക്ക് ആകാത്തത് ആണ് ബ്ലാസ്റ്റേഴ്സിനെ ആദ്യ പകുതിയിൽ വലച്ചത്.
43ആം മിനുട്ടിൽ ദിമിയുടെ ഒരു ഷോട്ട് ഒരു വലിയ ഡിഫ്ലക്ഷനിലൂടെ ഗുർപ്രീതിനെ പരീക്ഷിച്ചു എങ്കിലും ഗോൾ കീപ്പർ ഒരു ഡൈവിലൂടെ പന്ത് സേവ് ചെയ്തു. ആദ്യ പകുതി ഗോൾ രഹിതമായി നിന്നു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഐമനെ ഇറക്കിയത് അറ്റാക്ക് കുറച്ച് മെച്ചപ്പെടുത്തി. അപ്പോഴും ഗോൾ അകന്നു നിന്നു.
87ആം മൊനുട്ടിൽ ഫെഡോർ ചെർനിചിനാണ് ബ്ലാസ്റ്റേഴ്സിന്റെ കളിയിലെ ഏറ്റവും നല്ല അവസരം ലഭിച്ചത്. പക്ഷെ ചെർനിചിന് പന്ത് ടാർഗറ്റിലേക്ക് എത്തിക്കാൻ ആയില്ല. ഇതിനു പിന്നാലെ 89ആം മിനുട്ടിൽ ഹാവി ഹെർണാണ്ടസിലൂടെ ബെംഗളൂരു ലീഡ് എടുത്തു. ശിവാൾഡോയുടെ ക്രോസിൽ നിന്നായിരുഞ്ഞ് ഹാവിയുടെ ഗോൾ.
ഈ തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. ബെംഗളൂരു 21 പോയിന്റുമായി ആറാമതും നിൽക്കുന്നു.