കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മധ്യനിര താരമായിരുന്ന ആയുഷ് അധികാരിയെ ക്ലബിനോട് യാത്ര പറഞ്ഞു. താൻ ക്ലബ് വിടയാണെന്നും ഇതുവരെ തനിക്ക് നൽകിയ സ്നേഹത്തിന് നന്ദി പറയുന്നു എന്നും ആയുഷ് പറഞ്ഞു. എന്നും ഈ ക്ലബ് തന്റെ ഉള്ളിൽ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ക്ലബും താരത്തിന് ഔദ്യോഗികമായി ഇന്ന് യാത്ര പറഞ്ഞു.
ചെന്നൈയിൻ എഫ് സിസിയിലേക്ക് ആകും താരം പോകുന്നത്. ആയുഷ് 3 വർഷത്തെ കരാർ ചെന്നൈയിനിൽ ഒപ്പുവെക്കും. അടുത്ത ദിവസം തന്നെ ഈ നീക്കം ഔദ്യോഗികമാകും. ഈ കഴിഞ്ഞ സീസണിൽ ആയുഷിന് കേരള ബ്ലാസ്റ്റേഴ്സിൽ കാര്യമായ അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ആകെ ഏഴ് ഐ എസ് എൽ മത്സരങ്ങളിൽ ആണ് ആയുഷ് ഇറങ്ങിയത്. അതും വെറും 132 മിനുട്ടുകൾ മാത്രം. ഇതിനു മുമ്പുള്ള സീസണിൽ ആയുഷ് 17 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു.
ആയുഷ് 2019ൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. 2020ൽ ടീമിനായി സീനിയർ അരങ്ങേറ്റം നടത്തി. അതിനു മുമ്പ് ഒസോണിൽ ആയിരുന്നു. ഇന്ത്യൻ ആരോസിനായും ആയുഷ് കളിച്ചിട്ടുണ്ട്. 22കാരനായ താരത്തിന് ഇനിയും ബ്ലാസ്റ്റേഴ്സിൽ കരാർ ഉണ്ട്. ഐ എസ് എല്ലിലെ പല ക്ലബുകളും ആയുഷിനായി രംഗത്ത് വന്നിട്ടുണ്ടായിരുന്നു എങ്കിലും ചെന്നൈയിൻ ആ യുദ്ധത്തിൽ വിജയിക്കുകയായിരുന്നു.