എ ടി കെ മോഹൻ ബഗാൻ ഐ എസ് എൽ ഫൈനലിൽ. ഇന്ന് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ കഴിഞ്ഞ ഐ എസ് എൽ ചാമ്പ്യന്മാരായ ഹൈദരബാദിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ആണ് എ ടി കെ ഫൈനലിൽ എത്തിയത്. ആദ്യ പാദത്തിലെ പോലെ ഇന്നും ഇരു ടീമുകളും തമ്മിൽ കളിക്കിടയിൽ ഗോൾ വന്നിരുന്നില്ല. തുടർന്നാണ് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയത്. 4-3നാണ് എ ടി കെ ഷൂട്ടൗട്ട് ജയിച്ചത്. ഫൈനലിൽ അവർ ഇനി ബെംഗളൂരു എഫ് സിയെ നേരിടും.
ആദ്യ പാദത്തിൽ എന്ന പോലെ രണ്ടാം പാദത്തിലും ഗോളുകൾ ഹൈദരബാദിൽ നിന്നും എ ടി കെയിൽ നിന്നും അകന്നു നിന്നു. ഹോം ഗ്രൗണ്ട് ആയതു കൊണ്ട് തന്നെ മോഹൻ ബഗാൻ ആണ് കൂടുതൽ അവസരങ്ങൾ ഇന്ന് സൃഷ്ടിച്ചത്. എന്നാൽ ഹൈദരബാദിന്റെ പേരുകേട്ട ഡിഫൻസ് ആദ്യ 90 മിനുട്ടിലും തകർന്നില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലൃക്ക് മുന്നേറി. അവിടെയും ഇരു ടീമുകളും ഒരു വഴി കണ്ടെത്താൻ പ്രയാസപ്പെട്ടു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് പോയില്ല.
എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയും ഡിഫൻസീവ് ആയിരുന്നു. കളി 120 മിനുട്ട് കഴിഞ്ഞപ്പോഴും ഗോൾ രഹിതമായിരുന്നു. തുടർന്ന് പെനാൾട്ടിയിൽ എത്തി.
ഹൈദരാബാദിന്റെ ആദ്യ കിക്ക് ജാവോ വിക്ടർ വലയിൽ എത്തിച്ചു. എ ടി കെയുടെ ആദ്യ കിക്ക് പെട്രാറ്റോസ് ആണ് എടുത്തത്. അദ്ദേഹം അനായാസം ഗുർമീതിനെ കീഴ്പ്പെടുത്തി. 1-1. സിവേരോ എടുത്ത ഹൈദരാബാദിന്റെ രണ്ടാം പെനാൾട്ടി വിശാൽ കെയ്ത് തടഞ്ഞു. എ ടി കെയ്ക്ക് ആയി ഗയേഗോ ഗോൾ നേടിയതോടെ കൊൽക്കത്തൻ ടീം 2-1ന് മുന്നിൽ. ഹൈദരാബാദിന്റെ മൂന്നാം കിക്ക് എടുത്ത ഒഗ്ബെചെയ്ക്കും പിഴച്ചു. മൻവീർ എ ടി കെക്ക് ആയി സ്കോർ ചെയ്തതോടെ സ്കോർ 3-1. രോഹിത് ദാനു ഹൈദരബാദിനായി സ്കോർ ചെയ്തു. സ്കോർ 3-2. എ ടി കെയുടെ ഹാമിലിന്റെ നാലാം കിക്ക് പുറത്ത് ആയതോടെ വീണ്ടുൻ ട്വിസ്റ്റ്. സ്കോർ 3-2ൽ തുടർന്നു.
ഹൈദരബാദിനായി അഞ്ചാം പെനാൾട്ടി റീഗൻ ലക്ഷ്യത്തിൽ എത്തിച്ചതോടെ സ്കോർ 3-3. അവസാന പെനാൾട്ടി എടുത്തത് ക്യാപ്റ്റൻ പ്രിതം കൊടാൽ. ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയതോടെ എ ടി കെ ഫൈനൽ ഉറപ്പിച്ചു.