ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാന്റെ വിജയ കുതിപ്പിന് അവസാനം. ഇന്ന് നടന്ന മത്സരത്തിൽ ജംഷദ്പൂർ എഫ് സിയാണ് മോഹൻ ബഗാനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജംഷദ്പൂരിന്റെ വിജയം. ജംഷദ്പൂരിന്റെ സീസണിലെ ആദ്യ വിജയമാണിത്.വിജയത്തിൽ നിർണായ പങ്കു വഹിച്ചത് അവരുടെ സ്ട്രൈക്കർ വാൽസ്കിസ് ആയിരുന്നു.
അധികം അവസരങ്ങൾ ഒന്നും ജംഷദ്പൂർ ഇന്ന് സൃഷ്ടിച്ചിരുന്നില്ല. എങ്കിലും രണ്ട് കോർണറിൽ നിന്ന് ഒരു സ്ട്രൈക്കറിന്റെ മികവെന്താകണം എന്ന് കാണിച്ച് ഇരട്ട ഗോളുകളുമായി വാൽസ്കിസ് തിളങ്ങി. ആദ്യ പകുതിയിൽ ഒരു കോർണറിൽ നിന്ന് ബുള്ളറ്റ് ഹെഡറിലൂടെ ആയിരുന്നു വാൽസ്കിസിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിലും കോർണറിൽ നിന്ന് തന്നെ ആയിരുന്നു വാൽസ്കിന്റെ ഗോൾ.
മത്സരത്തിന്റെ 80ആം മിനുട്ടിൽ ഒരു തെറ്റായ റഫറിയിംഗ് ആണ് എ ടി കെയ്ക്ക് ഒരു ഗോൾ നൽകിയത്. റോയ് കൃഷ്ണ ഓഫ് സൈഡ് ആണെന്ന് വ്യക്തമായിരുന്നു എങ്കിലും ലൈൻ റഫറി ഓൺ സൈഡ് ആണെന്ന് വിധിച്ചു. അവസരം മുതലെടുത്ത് എളുപ്പത്തിൽ റോയ് കൃഷ്ണ പന്ത് വലയിൽ എത്തിച്ചു. ഈ ഗോൾ മത്സരത്തിന്റെ അവസാന നിമിഷങ്ങൾ ആവേശകരമാക്കി. എങ്കിലും വിജയം ഉറപ്പിക്കാൻ ജംഷദ്പൂർ ഡിഫൻസിന് കഴിഞ്ഞു.
വാൽസ്കിന്റെ ഗോളുകൾക്ക് ഒപ്പം മലയാളി ഗോൾ കീപ്പർ ടി പി രെഹ്നേഷിന്റെ ഗംഭീര പ്രകടനവും ജംഷദ്പൂരിന് തുണയായി. നിർണായ സേവുകൾ ആണ് രെഹ്നേഷ് ഇന്ന് നടത്തിയത്. ഈ വിജയത്തോടെ 5 പോയിന്റുമായി ജംഷദ്പൂർ അഞ്ചാമതെത്തി. 9 പോയിന്റുള്ള എ ടി കെ ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.