എ ടി കെയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ തകർത്ത് ചെന്നൈയിൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സി എ ടി കെയെ തകർത്തു. കൊൽക്കത്തയിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ചെന്നൈയിന്റെ വിജയം. ഈ വിജയം ചെന്നൈയിന്റെ പ്ലേ ഓഫ് പ്രതീക്ഷ വർധിപ്പിച്ചതോടൊപ്പം തന്നെ എ ടി കെ കൊൽക്കത്തയുടെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ തകർക്കുകയും ചെയ്തു. ഐ എസ് എല്ലിൽ ലീഗ് ഘട്ടത്തിൽ ഒന്നാമത് എത്തുന്നവരാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക.

ഇപ്പോൾ എ ടി കെ കൊൽക്കത്തയ്ക്ക് 33 പോയന്റും എഫ് സി ഗോവയ്ക്ക് 36 പോയന്റുമാണ് ഉള്ളത്. ഇനി ഒരു റൗണ്ട് മത്സരം മാത്രമാണ് ബാക്കിയുള്ളത്. അവസാന മത്സരത്തിൽ ഒരു സമനില എങ്കിലും നേടിയാൽ മതിയാകും ഗോവയ്ക്ക് ലീഗ് ഘട്ടത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്യാൻ. എ ടി കെയുടെ ആ വലിയ എ സി എൽ സ്വപ്നമാണ് ഇന്നത്തെ തോൽവിയോടെ പ്രതിസന്ധിയിലായത്.

ഇന്ന് ഏഴാം മിനുട്ടിൽ ക്രിവെലാരോയിലൂടെ ചെന്നൈയിൻ ആദ്യം മുന്നിൽ എത്തി. പിന്നാലെ 39ആം മിനുട്ടിൽ ഷെംബ്രി കീഡ് ഇരട്ടിയാക്കുകയും ചെയ്തു. 40ആം മിനുട്ടിലെ റോയ് കൃഷ്ണയുടെ ഗോൾ എ ടി കെയ്ക്ക് പ്രതീക്ഷ നൽകി എങ്കിലും തോൽവി ഒഴിവാക്കാൻ ആയില്ല. കളിയുടെ അവസാന നിമിഷം വാക്സ്കിലൂടെ ചെന്നൈയിൻ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.

ഈ വിജയത്തോടെ ചെന്നൈയിന് 16 മത്സരങ്ങളിൽ 25 പോയന്റായി. ഇപ്പോഴും ലീഗിൽ അഞ്ചാമതാണ് ചെന്നൈയിൻ ഉള്ളത്. എങ്കിലും അവസാന രണ്ടു മത്സരങ്ങൾ വിജയിച്ചാൽ അവർക്ക് പ്ലേ ഓഫ് ഉറപ്പാക്കാം‌