ഏഷ്യന്‍ പെയിന്റ്‌സുമായി കൈകോർത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

Newsroom

കൊച്ചി: ഓഗസ്റ്റ് 25, 2023: രാജ്യത്തെ പ്രമുഖ പെയിന്റ് കമ്പനിയായ ഏഷ്യന്‍ പെയിന്റ്സുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഒഫിഷ്യൽ പെയിന്റ് പാർട്ണറായിരിക്കും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ പെയിന്റ് നിർമാതാക്കളായ ഏഷ്യൻ പെയിന്റ്സ്. പങ്കാളിത്തത്തിന്റെ ഭാഗമായി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരങ്ങളുടെ ജേഴ്സിയുടെ കോളറിന് താഴെ ഏഷ്യന്‍ പെയിന്റ്സിന്റെ ലോഗോ പ്രദര്‍ശിപ്പിക്കും.

പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഏഷ്യൻ പെയിന്റ്സ് 15 രാജ്യങ്ങളിലായി പ്രവർത്തനം കേന്ദ്രീകരിച്ചുകൊണ്ട് അറുപതോളം രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് സേവനം എത്തിക്കുന്നു. ഈ ആവേശകരമായ സഹകരണം രണ്ട് ബ്രാൻഡുകൾക്കും ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുകയും മികവ്, നവീകരണം, സാമൂഹിക ഇടപ്പെടൽ തുടങ്ങിയ പ്രതിബദ്ധതകളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

“ഒരിക്കൽകൂടി ഏഷ്യന്‍ പെയിന്റ്സുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. നമ്മുടെ ഫുട്ബോളിനെ വളർച്ചയിലേക്ക് നയിക്കുന്നതിൽ ഈ പങ്കാളിത്തം നിർണായകമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സില്‍ വിശ്വാസം അര്‍പ്പിച്ചതിന് ഏഷ്യന്‍ പെയിന്റ്‌സിനോട് നന്ദി പറയുകയും വിജയകരമായ ഒരു കൂട്ടുകെട്ട് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.” കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

വരാനിരിക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇത് ടീമുമായുള്ള ഞങ്ങളുടെ രണ്ടാമത്തെ സഹകരണമാണ്. ടൂര്‍ണമെന്റില്‍ ഇത്തരമൊരു ശക്തമായ ക്ലബ്ബുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ഏഷ്യന്‍ പെയിന്റ്സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ അമിത് സിംഗിള്‍ പറഞ്ഞു. “ഇന്ത്യയിലെ കായിക സംസ്‌കാരം വളര്‍ത്തുന്നതിലും അതിനെ പിന്തുണയ്ക്കുന്നതിലും ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ഉദ്യമത്തില്‍ ഫുട്ബോളിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രാജ്യത്തുടനീളം ഫുട്‌ബോളിന്റെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍!” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.