മോഹൻ ബഗാൻ സ്ട്രൈക്കർ ആയ അർമാണ്ടോ സദികുവിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ പരാജയപ്പെട്ടു. താരം ഇപ്പോൾ എഫ് സി ഗോവയിലേക്ക് പോവുകയാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഗോവയും താരവും തമ്മിൽ ധാരണയിൽ എത്തി. ഇനി മോഹൻ ബഗാൻ താരത്തെ റിലീസ് ചെയ്താൽ ട്രാൻസ്ഫർ നടക്കും. താരവുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ചർച്ചകൾ അന്തിമഘട്ടത്തിൽ ആണ് പരാജയപ്പെട്ടത്.
മോഹൻ ബഗാനിൽ ഒരു വർഷം കൂടെ കരാർ ഉള്ളതിനാൽ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ഫീ നൽകേണ്ടി വരും. അൽബേനിയൻ ഫോർവേഡ് അർമാണ്ടോ സദികു കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു മോഹൻ ബഗാനിലേക്ക് എത്തിയത്. 33കാരനായ താരം കഴിഞ്ഞ ഐ എസ് എൽ സീസണിൽ 22 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും ഒരു അസിസ്റ്റും നൽകിയിരുന്നു.
അൽബേനിയ ദേശീയ ടീമിനായി നാല്പപ്തോളം മത്സരങ്ങൾ സദികു കളിച്ചിട്ടുണ്ട്. ഇന്ത്യയിൽ എത്തും മുമ്പ് സ്പാനിഷ് ക്ലബായ കാർറ്റഗെനയ്ക്ക് ആയാണ് കളിച്ചത്. സ്പെയിനിലെ വലിയ ക്ലബുകൾ ആയ മലാഗ, ലെവന്റെ എന്നീ ക്ലബുകൾക്ക് ആയും മുമ്പ് കളിച്ചിട്ടുണ്ട്. തുർക്കി, ബൊളീവിയ, സ്വിറ്റ്സർലാന്റ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകൾക്ക് ആയും സദികു മുൻ വർഷങ്ങളിൽ കളിച്ചിട്ടുണ്ട്.