ഈ സീസണിൽ ഏറെ പഴി കേട്ടത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർമാർ ആയിരുന്നു. ഗോൾ കീപ്പർമാരുടെ പിഴവ് കാരണം നിരവധി ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങേണ്ടി വന്നത്. ആ പിഴവുകൾക്ക് നേരത്തെ തന്നെ പരിഹാരം കാണുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. അടുത്ത സീസണു വേണ്ടി രണ്ട് പുതിയ ഗോൾ കീപ്പർമാരെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുകയാണ്. യുവ ഗോൾ കീപ്പർമാരായ ആൽബിനോ ഗോമസും പ്രബ്ഷുകൻ ഗില്ലും ആണ് ബ്ലാസ്റ്റേഴ്സുമായി കരാർ ധാരണയിൽ എത്തിയത്.
ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്. ഒഡീഷ എഫ് സിയിൽ നിന്നാണ് ആൽബിനോ ഗോമസ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. പരിക്ക് കാരണം നീണ്ട കാലമായി ഫുട്ബോൾ കളത്തിൽ നിന്ന് പുറത്തായിരുന്നു ആൽബിനോ ഗോമസ്. താരത്തിന്റെ തിരിച്ചുവരവ് കേരള ബ്ലസ്റ്റേഴ്സിലൂടെ ഉണ്ടാകും എന്നാണ് കരുതുന്നത്. മുമ്പ് ഐസോളിനെ ഐലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ അതി പ്രധാനമായി നിന്ന താരമായിരുന്നു ആൽബിനോ ഗോമസ്. മുമ്പ് മുംബൈ സിറ്റിയിലും ഗോമസ് കളിച്ചിട്ടുണ്ട്.
ബെംഗളൂരു എഫ് സിയിൽ നിന്നാണ് ഗിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. രണ്ട് വർഷത്തെ കരാർ താരം അംഗീകരിച്ചിട്ടുണ്ട്. ബെംഗളൂരു എഫ് സിയിൽ അവസരങ്ങൾ കുറഞ്ഞതാണ് താരം ക്ലബ് വിടാൻ കാരണം. മുമ്പ് ഇന്ത്യൻ ആരോസിന്റെ ഒന്നാം നമ്പർ ആയിരുന്നു ഗിൽ.