ഹൈദരബാദ് ഫുൾബാക്കായ ആകാശ് മിശ്രയെ സ്വന്തമാക്കാൻ ആയുള്ള ക്ലബുകൾ തമ്മിലുള്ള പോരാട്ടത്തിൽ മുംബൈ സിറ്റി വിജയിച്ചു. ഹൈദരാബാദ് എഫ് സി വിടും എന്ന് പ്രഖ്യാപിച്ച താരത്തെ സ്വന്തമാക്കാനായി ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാനും മുംബൈ സിറ്റിയും ആയിരുന്നു മത്സരിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ താരം മുംബൈ സിറ്റിയുടെ ഓഫർ അംഗീകരിച്ചു എന്ന് മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പെട്ടെന്ന് തന്നെ ഉണ്ടാകും എന്നും അദ്ദേഹം പറയുന്നു
ഇന്ത്യൻ ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ഫീ ആയി ഈ നീക്കം മാറും എന്നാണ് റിപ്പോർട്ടുകൾ. ഹൈദരബാദിൽ ആകാശിന് രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പാണ് ആകാശ് മിശ്ര ഹൈദരാബാദ് എഫ് സിയിൽ എത്തിയത്. ഹൈദരബാദിന്റെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച താരമാണ് യുവ ഫുൾബാക്ക് ആയ ആകാശ് മിശ്ര. 2020ൽ ആരോസിൽ നിന്നായിരുന്നു ആകാശ് മിശ്ര ഹൈദരബാദിൽ എത്തിയത്. 21കാരനായ ആകാശ് മിശ്ര മൂന്നു സീസണുകളിലായി 62 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചു.
ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഡിഫൻസിലും സ്ഥിര സാന്നിദ്ധ്യമായി ആകാശ് മിശ്ര മാറി. താരം ഉത്തർപ്രദേശ് സ്വദേശിയാണ്. മുമ്പ് മൂന്ന് വർഷത്താളം ജർമ്മനിയിൽ പരിശീലനം നടത്തിയിട്ടുണ്ട് ആകാശ്. ഫുൾബാക്ക് ആയ താരം അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ മികവ് കാണിക്കുന്നുണ്ട്. ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം മുമ്പ് സാഫ് കിരീടം നേടിയിട്ടുണ്ട്.