“തോറ്റതിൽ നിരാശ, പക്ഷെ ഈ പ്രകടനത്തിൽ അഭിമാനം” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
ഇന്ന് മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ പ്രകടനത്തിൽ അഭിമാനം ഉണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. തീർച്ചയായും പരാജയപ്പെട്ടതിൽ നിരാശയുണ്ട്. ഗോൾ വഴങ്ങിയ രീതിയും സങ്കടകരമാണ്. എന്നാൽ ഈ താരങ്ങൾ നടത്തിയ പ്രകടനം തനിക്ക് അഭിമാനം നൽകുന്നതാണ്. ഇവാൻ പറഞ്ഞു. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനോട് 3-4ന്റെ പരാജയമായിരുന്നു വഴങ്ങിയത്.
ടക്റ്റിക്കലി ഞങ്ങൾ ഇന്ന് മികച്ചു നിന്നു. അവർ നമ്മളുടെ മേൽ ആധിപത്യം നേടുന്ന പ്രകടനമല്ല നടത്തിയത്. കളി നിയന്ത്രിച്ചത് ഞങ്ങളായിരുന്നു. പന്തും ഞങ്ങളുടെ കയ്യിലായിരുന്നു. ഇവാൻ പറഞ്ഞു. എന്നാൽ വ്യക്തിഗത പിഴവുകൾ തിരിച്ചടിയായി. 2 തവണ തിരിച്ചുവന്നിട്ടും ഇങ്ങനെ കളി കൈവിട്ടു പോകാൻ അനുവദിക്കരുതായിരുന്നു. ഇവാൻ പറഞ്ഞു. ഇന്ന് രണ്ട് തവണ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചിരുന്നു. രണ്ട് തവണയും മിനുട്ടുകൾക്ക് അകം ഗോൾ വഴങ്ങി വീണ്ടും ബ്ലാസ്റ്റേഴ്സ് പിറകിലേക്ക് പോവുക ആയിരുന്നു.
മോഹൻ ബഗാനെ പോലുള്ള ടീമുകൾക്ക് എതിരെ ഇത്തരം അബദ്ധങ്ങൾ കാണിച്ചാൽ വില കൊടുക്കേണ്ടി വരും. സെറ്റ് പീസ് ഡിഫൻഡിംഗിനെ കുറിച്ച് ഇവാൻ പറഞ്ഞു. താൻ മാർക്ക് ചെയ്യേണ്ട താരം സ്കോർ ചെയ്യില്ലായിരിക്കും എന്ന് കരുതി ചെറിയ സ്പേസ് കൊടുത്താൻ തന്നെ ആ താരങ്ങൾ സ്കോർ ചെയ്യും. ഇത് അനുവദിക്കരുതായിരുന്നു. ഡിഫൻഡിംഗ് ആണ് ഏറ്റവും എളുപ്പമുള്ള കാര്യം. ഇവാൻ പറഞ്ഞു.