രസകരമായ ചോദ്യമാണിത്. സ്പോർട്സ് ആരുടേതാണ് അല്ലെങ്കിൽ ആരു കാണേണ്ടതാണ് സ്പോർട്സ് എന്ന ചോദ്യം. സ്പോർട്സിൽ താൽപ്പര്യമുള്ള എല്ലാരും കാണേണ്ടതാണ് സ്പോർട്സ് എങ്കിൽ അതിന് ഈ എല്ലാർക്കും പറ്റുന്നുണ്ടോ എന്നൊരു ചെറിയ അന്വേഷണം ആണ് ഈ കുറിപ്പ്. ചിലർക്ക് ഇവിടെ പറയുന്നത് ഭയങ്കര ഉട്ടോപ്യയൻ അല്ലെങ്കിൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ആണെന്ന് തോന്നിയാൽ അവരെ ഞാൻ കുറ്റം പറയില്ല എന്ന മുൻകൂർ ജാമ്യം ആദ്യം തന്നെ എടുക്കട്ടെ.
സ്പോർട്സ് എന്നത് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്ന സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന വലിയ വ്യവസായങ്ങളിൽ ഒന്നാണ് എന്നതിൽ ആർക്കും സംശയം ഉണ്ടാകില്ല. അമേരിക്കയിലെ ഫുട്‌ബോൾ(അമേരിക്കൻ), ബേസ് ബോൾ, ബാസ്‌കറ്റ് ബോൾ ലീഗുകളും യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളും തുടങ്ങി ഇന്ത്യൻ ക്രിക്കറ്റിലേക്ക് വരെ ഒഴുകി എത്തുന്ന പണം ബില്യൺ കണക്ക് ഡോളറുകളാണ്. ഇതോടൊപ്പം അവ സമ്പാദിക്കുന്നതും അതിലും എത്രയോ മടങ്ങാണ്. കളിക്കാരുടെ വിലയും, സ്പോൻസർഷിപ്പ് തുകയും ഒക്കെ കേട്ടാൽ ബോധം പോകാവുന്ന വിധം പണം ഭരിക്കുന്ന വമ്പൻ ലോകം അതാണ് ഇന്ന് കായികരംഗം. അതിനാൽ തന്നെ സ്പോർട്സിലേക്ക് മുടക്കുന്ന തുക തിരിച്ചു പിടിക്കേണ്ട വിധം നന്നായി അറിയാവുന്ന കോർപ്പറേഷനുകൾ ഭരിക്കുന്നതിനാൽ തന്നെ ഏതൊരു ഉത്പന്നത്തെയും പോലെ സ്പോർട്സിനും വില വർദ്ധിക്കുന്നു. ഈ വില മുഖ്യമായും ഒടുക്കേണ്ടവർ സ്പോർട്സ് തത്സമയം കാണുന്നവർ ആണ്. ഗാലറിയിലെ കാണിയല്ല അത് ലോകത്തെ ഏതൊരു കോണിലുമുള്ള കോടിക്കണക്കിന് പ്രേക്ഷകർ അവരാണ് സ്പോർട്സ് എന്ന ഉത്പന്നത്തിന്റെ മുഖ്യഉപഭോക്താക്കൾ.
കായിക മത്സരങ്ങളുടെ ടി.വി, ഇന്റർനെറ്റ് സംപ്രേഷണ അവകാശങ്ങൾക്കായി കടിപിടി കൂടുന്ന വമ്പൻ കമ്പനികളും ടി.വി ചാനലുകളും അതിനായി അവർ ഓടിക്കുന്ന ഭീമൻ തുകയും ഒന്നും ഇന്ന് വാർത്തയെയല്ല. ആ പണം തിരിച്ചു പിടിക്കാനായി മത്സരത്തിനെക്കാൾ അധികം പരസ്യങ്ങൾ സംപ്രേഷണം ചെയ്തും വലിയ വിലയിട്ട് ചാനലുകൾ നൽകുകയും ചെയ്യുന്നതും ഒക്കെ നമുക്ക് സുപരിചിത കാഴ്ചകൾ ആണ്. എന്നാൽ വാർത്ത ഈ കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ സൗജന്യമായി ഇംഗ്ലണ്ടിൽ സംപ്രേഷണം ചെയ്തു എന്നുള്ളതാണ്. റെക്കോർഡ് കാണികൾ ആണ് ഈ മത്സരം സൗജന്യമായി കണ്ടത് എന്നാണ് സൂചനകൾ. ഈ രീതിയെ അഭിനന്ദിച്ച് രംഗത്ത് വന്ന ലേബർ പാർട്ടി നേതാവും ബ്രീട്ടീഷ് പ്രതിപക്ഷ നേതാവുമായ ജെറമി ഗോർബൈൻ ഇനിയും തുടർന്ന് സൗജന്യ സംപ്രേഷണം ഉണ്ടാകേണ്ടതിന്റെ ആവശ്യവും എടുത്ത് പറഞ്ഞു.
ഇതാണ് വാർത്ത, സാധാരണകാരന് താങ്ങാവുന്നതിലും അധികം വിലയിട്ട് സ്പോർട്സ് വിൽപ്പന ചരക്കാക്കുന്ന ടിവി ഭീമന്മാർ ശരിക്കും ആരെയാണ് വെല്ലുവിളിക്കുന്നത് എന്നതാണ് ചോദ്യം. സ്വന്തം രാജ്യം കളിക്കുന്നത് പോലും സൗജന്യമായി കാണാനുള്ള അവകാശങ്ങൾ പോലും ഇവിടുത്തെ കായികപ്രേമികൾക്ക് ഇല്ലേ? ഇന്നും ദൂരദർശൻ പല മത്സരങ്ങളും സൗജന്യമായി സംപ്രേഷണം ചെയ്യുന്നു എന്ന മുടന്തൻ ന്യായം പറയാം എങ്കിലും ഇതൊക്കെ എത്ര കാലം എന്നു കണ്ടു തന്നെ അറിയണം. ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യമാണ് അന്യായ വിലയിട്ട് ചാനലുകൾ കൂട്ടി, ഹൈ ഡെഫിനിഷൻ ചാനലുകൾ ഉപഭോക്താക്കളെ കൊണ്ട് വാങ്ങിപ്പിച്ചു 6,8 ചാനലുകളിൽ ഒരേമത്സരം തന്നെ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ നെറ്റവർക്ക് പോലുള്ളവരുടെ കൊള്ളകൾ. ഇത്തവണ കോപ്പ അമേരിക്ക പോലെയുള്ള വമ്പൻ ടൂർണമെന്റ് സംപ്രേഷണം ചെയ്യാതെ കായികപ്രേമികളെ അപമാനിക്കുകയും ചെയ്തു ഇന്ത്യയിലെ മുഖ്യധാരാ സ്പോർട്സ് ചാനലുകൾ.
മുതലാളിത്ത യുഗത്തിൽ ആരെന്തു വാങ്ങണമെന്ന്, ആരെന്തു കഴിക്കണമെന്ന്, ആരെന്തു ധരിക്കണമെന്ന്, ആരെന്തു കാണണമെന്ന് തീരുമാനിക്കുന്നത് ഉപഭോക്താക്കൾ അല്ല മുതലാളിയാണെന്നൊരു നിയമം തന്നെയുണ്ട്. ആ നിയമം പ്രാപല്യത്തിൽ ആക്കുകയാണ് ഈ കോർപ്പറേഷനുകളും ടി.വി ചാനലുകളും. യൂറോപ്പിൽ 100 കൊല്ലത്തിലേറെ പാരമ്പര്യമുള്ള ഇന്ത്യയിൽ അടക്കം നിരവധി ആരാധകർ ഉള്ള ഒട്ടുമിക്ക ക്ലബിനും പറയാൻ ഒരു കഥയുണ്ടാകാറുണ്ട്. ആ ക്ലബ് സ്ഥാപിച്ച വലിയൊരു തൊഴിലാളി, സാധാരണ, അടിസ്ഥാന വർഗ്ഗത്തിന്റെ വിയർപ്പിന്റെ കഥ. എന്നാൽ ഇന്ന് ആ സാധാരണക്കാരന് അപ്രാപ്യമാകുന്ന വിധം വളർന്നു പന്തലിക്കുകയാണ് അവന്റെ ക്ലബുകളും, കായികവിനോദങ്ങളും. അവനു ആസ്വദിക്കാൻ ആവാത്ത ഇടത്തിലേക്ക് പറിച്ച് നടപ്പെടുകയാണ് അവയൊക്കെ. പണ്ട് ദൂരദർശനിൽ ഇന്ത്യൻ ടീമിനെ കണ്ട് വളർന്ന തലമുറകൾക്ക് എങ്കിലും വേദനാജനകമാവും ഈ കാഴ്ചകൾ. ആസ്വദിക്കുക, മതിയാവോളം നമ്മളിൽ നിന്ന് മോഷ്ടിക്കപ്പെടുന്നതിന് മുമ്പെങ്കിലും നമ്മുടെ പ്രിയപ്പെട്ട കായിക വിനോദങ്ങളെ.