ലയണൽ മെസ്സിയെയും ഉൾപ്പെടുത്തി ബ്രസീലിനും ഉറുഗ്വേക്കും എതിരായ ലോകകപ്പ് യോഗ്യതക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. നിലവിൽ പരിക്കിന് പിടിയിലായ മെസ്സി കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആർ.ബി ലൈപ്സിഗിനു എതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. നവംബർ 12 നു ഉറുഗ്വേയെയും നവംബർ 16 നു ബ്രസീലിയയും ആണ് അർജന്റീന ലോകകപ്പ് യോഗ്യതയിൽ നേരിടുക. ആറു യുവ താരങ്ങൾക്ക് ആദ്യമായി ടീമിൽ ഇടം നൽകിയിട്ടും ഉണ്ട് പരിശീലകൻ സ്കലോണി. നിലവിൽ ലാറ്റിൻ അമേരിക്കൻ യോഗ്യതയിൽ 11 കളികളിൽ നിന്നു 25 പോയിന്റുകൾ ഉള്ള അർജന്റീനക്ക് രണ്ടു ജയങ്ങൾ ലോകകപ്പ് യോഗ്യത നേടി നൽകും.
ആസ്റ്റൻ വില്ലയുടെ എമി മാർട്ടിനസ്, അറ്റലാന്റയുടെ യുവോ മുസ്സോ എന്നിവർ അടക്കം നാലു ഗോൾ കീപ്പർമാരും ക്രിസ്റ്റിയൻ റൊമേറോ, മാർക്കോസ് അകുന, നിക്കോളാസ് ഒട്ടമെന്റി എന്നിവർ ഉൾപ്പെടെ 10 പ്രതിരോധ താരങ്ങളും റോഡ്രിഗോ ഡി പോൾ, ലോ സെൽസോ തുടങ്ങി 10 പ്രതിരോധ താരങ്ങളും ലയണൽ മെസ്സി, ആഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ്, പാബ്ലോ ഡിബാല എന്നിവർ അടക്കം 10 മുന്നേറ്റനിരക്കാരും അടങ്ങിയത് ആണ് അർജന്റീന ടീം. ഒരു ഇടവേളക്ക് ശേഷമാണ് യുവന്റസ് താരം ഡിബാല അർജന്റീന ടീമിൽ ഇടം പിടിക്കുന്നത്. തോൽവി അറിയാതെയുള്ള തേരോട്ടം തുടരാൻ ആവും അർജന്റീനയുടെ ശ്രമം.