വീണ്ടും സമനിലയിൽ കുടുങ്ങി ഫ്രാൻസ്, വമ്പൻ ജയവുമായി ഓറഞ്ച് പട

Screenshot 20210905 090314

യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി ലോക ജേതാക്കൾ ആയ ഫ്രാൻസ്. കഴിഞ്ഞ മത്സരത്തിൽ ബോസ്നിയയോട് സമനില വഴങ്ങിയ അവർ ഇത്തവണ ഉക്രൈനോട് ആണ് സമനില വഴങ്ങിയത്. മത്സരത്തിൽ വലിയ ആധിപത്യവും നിരവധി മുന്നേറ്റങ്ങളും നടത്തിയെങ്കിലും ഉക്രൈൻ പ്രതിരോധത്തിന് മുന്നിൽ ഫ്രാൻസിന് ജയിക്കാൻ ആയില്ല. കഴിഞ്ഞ കളിയിൽ എന്ന പോലെ 1-1 നു ആണ് ഫ്രാൻസ് സമനില വഴങ്ങിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് മൈകോള ഷപരെങ്കോയുടെ ബോക്സിന് പുറത്തുള്ള അതുഗ്രൻ അടി ലോറിസിനെ മറികടന്നപ്പോൾ ഫ്രാൻസ് ഞെട്ടി. ഉക്രൈനു ആയുള്ള താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. മുമ്പ് മാർഷ്യലിന് മുന്നിൽ വില്ലനായ ഉക്രൈൻ ഗോൾ കീപ്പർ ആണ് ഫ്രാൻസിനെ ഗോൾ നേടുന്നതിൽ നിന്നു തടഞ്ഞത്. രണ്ടാം പകുതി തുടങ്ങി ഉടൻ തന്നെ തിരിച്ചടിക്കുന്ന ഫ്രാൻസിനെ ആണ് മത്സരത്തിൽ കണ്ടത്. 51 മിനിറ്റിൽ ഉക്രൈൻ ബോക്‌സിൽ ഒരുക്കിയ അവസരം ഗോളാക്കി മാറ്റിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ ഫ്രാൻസിന് സമനില സമ്മാനിച്ചു. തുടർന്ന് വിജയഗോൾ നേടാനുള്ള ഫ്രഞ്ച് ശ്രമങ്ങൾ ഉക്രൈൻ വിജയകരമായി പ്രതിരോധിക്കുക ആയിരുന്നു.

അതേസമയം കഴിഞ്ഞ മത്സരത്തിൽ നോർവേയോട് സമനില വഴങ്ങിയ ഹോളണ്ട് ഇത്തവണ മോണ്ടനഗ്രയെ ഗോൾ മഴയിൽ മുക്കി. പെനാൽട്ടി അടക്കം ഇരട്ടഗോളുകൾ നേടി ബാഴ്‌സലോണ താരം മെൻഫിസ് ഡീപായ് തിളങ്ങിയ മത്സരത്തിൽ, പി.എസ്.ജിയുടെ ഗിനി വൈനാൾടം, ഗാക്പോ എന്നിവർ ആണ് ഓറഞ്ച് പടയുടെ മറ്റു ഗോളുകൾ നേടിയത്. ഫറോ ദ്വീപുകളെ ഒരു ഗോളിന് തോൽപ്പിച്ച ഡെന്മാർക്ക് ജയം തുടർന്നപ്പോൾ സ്ലൊവാക്യയെ ക്രൊയേഷ്യ ഒരു ഗോളിന് മറികടന്നു. അതേസമയം ഇസ്രെയേൽ കരുത്തരായ ഓസ്ട്രിയയെ രണ്ടിനെതിരെ 5 ഗോളുകൾക്ക് അട്ടിമറിച്ചു. ജിബ്രാൽട്ടറോട് തുർക്കി 3-0 ന്റെ മികച്ച ജയം നേടിയപ്പോൾ സ്‌കോട്ട്ലാന്റ് മോൾഡോവയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.

Previous articleബാഡ്മിന്റണിൽ ഇന്ത്യക്ക് വീണ്ടും മെഡൽ, വെള്ളി നേടി സുഹാസ് യതിരാജ്
Next articleയു.എസ് ഓപ്പൺ പുരുഷ ഡബിൾസിൽ പ്രീ ക്വാട്ടറിലേക്ക് മുന്നേറി ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ സഖ്യം