റൂണി വീണ്ടും ഇംഗ്ലണ്ട് ദേശീയ ടീമിനായി ബൂട്ടകെട്ടും

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി ഒരു തവണ കൂടി ഇംഗ്ലണ്ടിനായി ബൂട്ട്കെട്ടും. നവംബർ 15ന് അമേരിക്കക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് ഇംഗ്ലണ്ടിനു വേണ്ടി റൂണി കളിക്കുക. വെയ്ൻ റൂണി ഫൗണ്ടേഷന് വേണ്ടി പണം സ്വരൂപിക്കാൻ വേണ്ടിയാണ് അമേരിക്കക്കെതിരെ ഇംഗ്ലണ്ട് വെംബ്ലിയിൽ സൗഹൃദ മത്സരം കളിക്കുന്നത്. റൂണിയുടെ ഇംഗ്ലണ്ട് ജേഴ്സിയിലുള്ള വിടവാങ്ങൽ മത്സരം കൂടിയാവും ഇത്. മത്സരത്തിൽ റൂണി തന്നെയാവും ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ.

അമേരിക്കയിൽ ഡി.സി യുണൈറ്റഡിന് വേണ്ടി കളിക്കുന്ന റൂണി ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പോയിന്റ് പട്ടികയിൽ ഏറ്റവും സ്ഥാനത്തായിരുന്ന ഡി.സി യുണൈറ്റഡിനെ പ്ലേ ഓഫ് വരെ എത്തിക്കാൻ റൂണിക്കായിരുന്നു. 12 ഗോളുകളും റൂണി ഈ സീസണിൽ ഡി.സി യുണൈറ്റഡിന് വേണ്ടി നേടിയിരുന്നു.

2016 നവംബർ 11ന് സ്കോട്ലാൻഡിനെതിരെയായിരുന്നു ഇംഗ്ലണ്ട് ജേഴ്സിയിൽ റൂണി അവസാനമായി കളിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി റൂണി 119 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 53 ഗോൾ നേടിയ റൂണി തന്നെയാണ് ഇപ്പോഴും ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.