ഖത്തർ ലോകകപ്പിന് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തിൽ നൈജീരിയക്ക് എതിരെ വമ്പൻ ജയം കുറിച്ചു പോർച്ചുഗൽ. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് അവർ നൈജീരിയയെ തോൽപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ മത്സരത്തിൽ വലിയ ആധിപത്യം ആണ് പുലർത്തിയത്. മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. ഡീഗോ ഡാലോട്ടിന്റെ പാസിൽ നിന്നു സഹ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ആണ് അവരുടെ ഗോൾ നേടിയത്. ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 35 മത്തെ മിനിറിൽ ലക്ഷ്യം കണ്ട ബ്രൂണോ പോർച്ചുഗലിന് രണ്ടാം ഗോളും സമ്മാനിച്ചു.
രണ്ടാം പകുതിയിൽ സമനിലക്ക് ആയി നൈജീരിയ പൊരുതി കളിച്ചു. 81 മത്തെ മിനിറ്റിൽ സാമുവലിനെ ഡാലോട്ട് വീഴ്ത്തിയപ്പോൾ നൈജീരിയക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. എന്നാൽ പകരക്കാരനായി ഇറങ്ങിയ ഇമ്മാനുവൽ ഡെന്നിസിന്റെ പെനാൽട്ടി റൂയി പെട്രീഷ്യ രക്ഷിച്ചു. രണ്ടു മിനിറ്റിനുള്ളിൽ പോർച്ചുഗൽ മൂന്നാം ഗോൾ കണ്ടത്തി. റാഫേൽ ഗുയയരെയുടെ പാസിൽ നിന്നു അരങ്ങേറ്റത്തിൽ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് ആണ് അവർക്ക് ആയി ഗോൾ നേടിയത്. മൂന്നാം ഗോൾ നേടി രണ്ടു മിനിറ്റിനുള്ളിൽ പോർച്ചുഗൽ നാലാം ഗോളും നേടി. ഇത്തവണ റാമോസിന്റെ ബാക് ഹീൽ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജാവോ മരിയോ പോർച്ചുഗീസ് ജയം പൂർത്തിയാക്കുക ആയിരുന്നു.