ഗാരത് സൗത്ത്ഗേറ്റിന് ഇംഗ്ലണ്ടിൽ പുതിയ കരാർ

ഇംഗ്ലണ്ട് ദേശീയ ടീമുമായുള്ള കരാർ പുതുക്കി പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ്. ഖത്തർ ലോകകപ്പ് വരെ കരാർ ഉണ്ടായിരുന്ന സൗത്ത്ഗേറ്റ് ഇതോടെ 2024 യൂറോ കപ്പ് വരെ ഇംഗ്ലണ്ട് ടീമിന് ഒപ്പം തുടരും. 2016 യൂറോ കപ്പിന് ശേഷം റോയി ഹഡ്‌സനു പകരക്കാരൻ ആയാണ് മുൻ പ്രതിരോധ താരമായ സൗത്ത്ഗേറ്റ് ഇംഗ്ലണ്ട് പരിശീലകൻ ആയി ചുമതല ഏറ്റെടുക്കുന്നത്.

2018 ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിഫൈനലിലും 2020 യൂറോ കപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെ എത്തിച്ച സൗത്ത്ഗേറ്റിൽ പൂർണ വിശ്വാസം ആണ് പുതിയ കരാറിലൂടെ ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിക്കുന്നത്. മികച്ച താരനിരയുള്ള ഇംഗ്ലണ്ടിനെ ഖത്തറിൽ പതിറ്റാണ്ടുകൾക്ക് ശേഷം ലോക കിരീടം ചൂടിക്കുക എന്നത് ആവും സൗത്ത്ഗേറ്റിന്റെ ലക്ഷ്യം.

പൂർണ വിശ്വാസം! ഗാരത് സൗത്ഗേറ്റിനു 2 വർഷം കൂടി കരാർ നീട്ടി നൽകാൻ ഒരുങ്ങി ഇംഗ്ലണ്ട്

ഇംഗ്ലീഷ് പരിശീലകൻ ഗാരത് സൗത്ഗേറ്റ് ഉടൻ ഇംഗ്ലണ്ട് ദേശീയ ടീമും ആയി 2 വർഷത്തെ പുതിയ കരാർ ഒപ്പ് വക്കും എന്നു സൂചന. നിലവിൽ ഖത്തർ ലോകകപ്പ് വരെ കരാറുള്ള സൗത്ഗേറ്റ് ഇതോടെ 2024 യൂറോ വരെ ദേശീയ ടീമിന് ഒപ്പം തുടരും. പുതിയ കരാർ പ്രകാരം സൗത്ഗേറ്റിന്റെ ശമ്പളം ഇരട്ടിയാവും എന്നാണ് റിപ്പോർട്ടുകൾ.

2016 മുതൽ ഇംഗ്ലീഷ് പരിശീലകൻ ആണ് സൗത്ഗേറ്റ്. റോയ് ഹഡ്സനു പകരക്കാരനായി പരിശീലകൻ ആയ സൗത്ഗേറ്റ് കഴിഞ്ഞ യൂറോയിൽ ടീമിനെ ഫൈനലിലും എത്തിച്ചിരുന്നു. പരിശീലകൻ തുടരണം എന്ന അഭിപ്രായം തന്നെയാണ് ക്യാപ്റ്റൻ ഹാരി കെയിൻ അടക്കമുള്ളവർക്ക് ഉള്ളത്. അതേസമയം ഖത്തർ ലോകകപ്പിന് ശേഷം പ്രീമിയർ ലീഗിൽ മടങ്ങി എത്തുക എന്ന ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ച ആളാണ് സൗത്ഗേറ്റ്.

ആദ്യമായി ബ്രസീൽ സീനിയർ ടീമിൽ ഇടം പിടിച്ചു ആഴ്‌സണലിന്റെ ഗബ്രിയേൽ

സീസണിൽ അതുഗ്രൻ ഫോമിലുള്ള ആഴ്‌സണലിന്റെ പ്രതിരോധ താരം ഗബ്രിയേൽ മഗൽഹാസ് കരിയറിൽ ആദ്യമായി ബ്രസീൽ സീനിയർ ടീമിൽ. 23 കാരനായ ആഴ്‌സണൽ താരം പരിക്കേറ്റ ലൂക്കാസ് വെരിസിമോക്ക് പകരമാണ് ബ്രസീൽ ടീമിൽ ഇടം പിടിച്ചത്. സീസണിൽ ബെൻ വൈറ്റിന് ഒപ്പം ഗബ്രിയേൽ ആഴ്‌സണൽ പ്രതിരോധത്തിൽ കാഴ്ച വക്കുന്ന മികച്ച പ്രകടനം ആണ് താരത്തിന് ബ്രസീൽ ടീമിൽ ഇടം നൽകിയത്.

രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിലാണ് ഗബ്രിയേൽ ഇടം പിടിച്ചത്. വരുന്ന നവംബർ 11 നു കൊളംബിയയെ നേരിടുന്ന ബ്രസീൽ നവംബർ 16 നു ബദ്ധവൈരികൾ ആയ അർജന്റീനയും നേരിടും. ബ്രസീൽ ആദ്യ പതിനൊന്നിൽ ടിറ്റെ ഗബ്രീയേലിനു അവസരം നൽകുമോ എന്നു കണ്ടറിയാം. ഇന്ന് ദേശീയ ടീമിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ ആഴ്‌സണൽ താരമാണ് ഗബ്രിയേൽ. നേരത്തെ എമിൽ സ്മിത് റോ ഇംഗ്ലീഷ് ദേശീയ ടീമിൽ ഇടം പിടിച്ചിരുന്നു.

അർഹിച്ച അംഗീകാരം, എമിൽ സ്മിത് റോ ഇംഗ്ലീഷ് ടീമിൽ

ആഴ്‌സണലിന്റെ യുവ താരം എമിൽ സ്മിത് റോ കരിയറിൽ ആദ്യമായി ഇംഗ്ലീഷ് സീനിയർ ടീമിൽ ഇടം പിടിച്ചു. ഇംഗ്ലണ്ട് യൂത്ത് ടീനുകളുടെ സ്ഥിരസാന്നിധ്യമായ സ്മിത് റോക്ക് ഇത് അർഹിച്ച അംഗീകാരം ആണ്. ആഴ്‌സണലിന് ആയി സീസണിൽ മിന്നും ഫോമിലാണ് 21 കാരനായ താരം. സീസണിൽ ഇത് വരെ 5 ഗോളുകളും 2 അസിസ്റ്റുകളും ആണ് ലീഗിൽ മാത്രം സ്മിത് റോ നേടിയത്. കഴിഞ്ഞ 3 പ്രീമിയർ ലീഗ്‌ മത്സരങ്ങളിൽ തുടർച്ചയായി ഗോളുകൾ നേടാനും താരത്തിന് ആയി.

ശാരീരിക ക്ഷമത പൂർണമായും കൈവരിക്കാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കോസ് റാഷ്ഫോർഡ്, ചെൽസിയുടെ മേസൻ മൗണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലൂക് ഷാ, അസുഖം കാരണം സൗതാപ്റ്റണിന്റെ ജെയിംസ് വാർഡ് പ്രോസ് എന്നിവർ ഇംഗ്ലീഷ് ടീമിൽ നിന്നു പിന്മാറിയിട്ടുണ്ട്. നേരത്തെ സ്മിത് റോ അടക്കമുള്ള താരങ്ങൾക്ക് ഇംഗ്ലീഷ് ടീമിൽ ഇടം ലഭിക്കാത്തതിൽ ഇയാൻ റൈറ്റ് അടക്കമുള്ള പ്രമുഖർ വിമർശനം ഉന്നയിച്ചിരുന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അൽബാനിയ, സാൻ മറീനോ ടീമുകളെ ആണ് ഇംഗ്ലണ്ട് വരും മത്സരങ്ങളിൽ നേരിടുക.

‘മോശം ഫോമിലായാലും ചില താരങ്ങൾക്ക് ഇംഗ്ലണ്ട് ടീമിൽ ഇടം ഉറപ്പാണ്’ ഇംഗ്ലണ്ട് ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ചു ഇയാൻ റൈറ്റ്

വരുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇംഗ്ലീഷ് ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ചു ഇതിഹാസ താരം ഇയാൻ റൈറ്റ് രംഗത്ത്. ഫോം പരിഗണിച്ച് അല്ല ഇംഗ്ലണ്ട് ടീം തിരഞ്ഞെടുപ്പ് അല്ല എന്ന് വിമർശിച്ച റൈറ്റ് എന്ത് വന്നാലും ചില താരങ്ങൾക്ക് ടീമിൽ ഇടം ഉറപ്പാണ് എന്നും വിമർശിച്ചു. ചില താരങ്ങൾക്ക് എന്ത് ചെയ്താൽ ആണ് ടീമിൽ ഇടം പിടിക്കാൻ ആവുക എന്നു തനിക്ക് അറിയില്ലെന്നും ഇതിഹാസ ആഴ്‌സണൽ താരം പറഞ്ഞു.

നിലവിൽ മിലാനിൽ ഉജ്ജ്വല ഫോമിൽ കളിക്കുന്ന ടൊമോരി ഇതിലും കൂടുതൽ എന്ത് ചെയ്താൽ ആണ് ടീമിൽ ഇടം പിടിക്കുക എന്നും ചോദിച്ചു ഇയാൻ റൈറ്റ്. വെസ്റ്റ് ഹാമിൽ മികവ് തുടരുന്ന ക്രസ്വൽ, ബോവൻ, ക്രിസ്റ്റൽ പാലസിൽ അതുഗ്രൻ ഫോമിലുള്ള ഗാല്ലഹർ, ആഴ്‌സണലിൽ മികവ് തുടരുന്ന ബെൻ വൈറ്റ് എന്നിവർക്ക് ടീമിൽ ഇടം ഇല്ലാത്തതും ചോദ്യം ചെയ്തു റൈറ്റ്. പ്രതിരോധത്തിൽ മോശം ഫോമിലുള്ള ആസ്റ്റൻ വില്ലയുടെ മിങ്സ്, മുന്നേറ്റത്തിൽ മാഞ്ചസ്റ്റർ സിറ്റി ടീമിൽ പോലും ഇടമില്ലാത്ത റഹീം സ്റ്റർലിങ്, പരിക്കിൽ നിന്നു തിരിച്ചെത്തി ഏതാനും മത്സരങ്ങൾ മാത്രം കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാർകോസ് റാഷ്ഫോർഡ് എന്നിവരെ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് ടീമിന് നേരെ ആരാധകരിൽ നിന്നും വിമർശനം ഉണ്ടായിരുന്നു.

ആരോൺ റാമ്സ്ഡേലിനെ ഉൾപ്പെടുത്തി ഇംഗ്ലണ്ട് ടീം, സാഞ്ചോയെ ഒഴിവാക്കി

നവംബർ 12, 15 തീയതികളിൽ നടക്കുന്ന അൽബാനിയക്കും സാൻ മറീനോക്കും എതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഉള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. മികച്ച ഫോമിലുള്ള ആഴ്‌സണൽ ഗോൾ കീപ്പർ ആരോൺ റാമ്സ്ഡേലിനെ ടീമിൽ ഉൾപ്പെടുത്തിയ ഗാരത് സൗത്ത്ഗേറ്റ് പരിക്ക് മാറി എത്തിയ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ്, മാർക്കോസ് റാഷ്ഫോർഡ്, ജൂഡ് ബെല്ലിങാം എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി. അതേസമയം മോശം ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജേഡൻ സാഞ്ചോ ടീമിൽ ഉൾപ്പെട്ടിട്ടില്ല. റാമ്സ്ഡേലിനു പുറമെ എവർട്ടണിന്റെ ജോർദൻ പിക്ഫോർഡ്, സാം ജോൺസ്റ്റൺ എന്നീ മൂന്നു ഗോൾ കീപ്പർമാരാണ് ടീമിൽ ഇടം പിടിച്ചത്.

പ്രതിരോധത്തിൽ പ്രതീക്ഷിച്ചു എങ്കിലും ആഴ്‌സണൽ താരം ബെൻ വൈറ്റ് ഇടം പിടിച്ചില്ല. ഹാരി മക്വയർ, ടൈയ്റൻ മിങ്സ്,കോണർ കോഡി, ബെൻ ചിൽവൽ, റീസ് ജെയിംസ്, ലുക്ക് ഷോ, ജോൺ സ്റ്റോൺസ്, കെയിൽ വാൾക്കർ എന്നിവർ ആണ് അർണോൾഡിനു പുറമെ പ്രതിരോധത്തിൽ ഇടം പിടിച്ചത്. മധ്യനിരയിൽ ബെല്ലിങാമിനു പുറമെ ജോർദൻ ഹെന്റെയ്സൻ,മേസൻ മൗണ്ട്, കാൽവിൻ ഫിൽപ്സ്, ഡക്ലൻ റൈസ്, ജെയിംസ് വാർഡ് പ്രോസ് എന്നിവർ ആണ് ടീമിൽ. മുന്നേറ്റത്തിൽ റാഷ്ഫോർഡിന് പുറമെ ഹാരി കെയിൻ, ഫിൽ ഫോഡൻ, ടാമി എബ്രഹാം, ജാക് ഗ്രീലിഷ്, ബുകയോ സാക, റഹീം സ്റ്റെർലിങ് എന്നിവർ ആണ് ടീമിൽ. അതേസമയം ഉജ്ജ്വല ഫോമിലുള്ള ആഴ്‌സണൽ യുവ താരം എമിൽ സ്മിത്ത് റോക്ക് ഇംഗ്ലണ്ട് ടീമിൽ ഇടം കിട്ടിയില്ല.

പരിക്ക് ഉണ്ടായിട്ടും ബ്രസീലിനും ഉറുഗ്വേക്കും എതിരായ അർജന്റീന ടീമിൽ മെസ്സിയെ ഉൾപ്പെടുത്തി

ലയണൽ മെസ്സിയെയും ഉൾപ്പെടുത്തി ബ്രസീലിനും ഉറുഗ്വേക്കും എതിരായ ലോകകപ്പ് യോഗ്യതക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. നിലവിൽ പരിക്കിന്‌ പിടിയിലായ മെസ്സി കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആർ.ബി ലൈപ്സിഗിനു എതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. നവംബർ 12 നു ഉറുഗ്വേയെയും നവംബർ 16 നു ബ്രസീലിയയും ആണ് അർജന്റീന ലോകകപ്പ് യോഗ്യതയിൽ നേരിടുക. ആറു യുവ താരങ്ങൾക്ക് ആദ്യമായി ടീമിൽ ഇടം നൽകിയിട്ടും ഉണ്ട് പരിശീലകൻ സ്‌കലോണി. നിലവിൽ ലാറ്റിൻ അമേരിക്കൻ യോഗ്യതയിൽ 11 കളികളിൽ നിന്നു 25 പോയിന്റുകൾ ഉള്ള അർജന്റീനക്ക് രണ്ടു ജയങ്ങൾ ലോകകപ്പ് യോഗ്യത നേടി നൽകും.

ആസ്റ്റൻ വില്ലയുടെ എമി മാർട്ടിനസ്, അറ്റലാന്റയുടെ യുവോ മുസ്സോ എന്നിവർ അടക്കം നാലു ഗോൾ കീപ്പർമാരും ക്രിസ്റ്റിയൻ റൊമേറോ, മാർക്കോസ് അകുന, നിക്കോളാസ് ഒട്ടമെന്റി എന്നിവർ ഉൾപ്പെടെ 10 പ്രതിരോധ താരങ്ങളും റോഡ്രിഗോ ഡി പോൾ, ലോ സെൽസോ തുടങ്ങി 10 പ്രതിരോധ താരങ്ങളും ലയണൽ മെസ്സി, ആഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ്, പാബ്ലോ ഡിബാല എന്നിവർ അടക്കം 10 മുന്നേറ്റനിരക്കാരും അടങ്ങിയത് ആണ് അർജന്റീന ടീം. ഒരു ഇടവേളക്ക് ശേഷമാണ് യുവന്റസ് താരം ഡിബാല അർജന്റീന ടീമിൽ ഇടം പിടിക്കുന്നത്. തോൽവി അറിയാതെയുള്ള തേരോട്ടം തുടരാൻ ആവും അർജന്റീനയുടെ ശ്രമം.

112ആം ഗോളുമായി റോണാൾഡോ, ഖത്തറിനെ വീഴ്ത്തി പോർച്ചുഗൽ

ഖത്തറിനെതിരായ സൗഹൃദ മത്സരത്തിൽ മികച്ച ജയവുമായി പോർച്ചുഗൽ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോസെ ഫോണ്ടേ, ആന്ദ്രെ സിൽവ എന്നിവരാണ് പോർച്ചുഗല്ലിനായി ഗോളടിച്ചത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ 112ആം ഗോളാണ് ഇന്ന് അടിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിക്കുന്ന 46മത്തെ രാജ്യം കൂടിയാണ് ഖത്തർ. ഏറ്റവുമധികം ഗോളടിച്ച റെക്കോർഡും ഏറ്റവുമധികം രാജ്യങ്ങൾക്കെതിരെ ഗോളടിച്ച റെക്കോർഡും ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ പേരിലാണ്. തന്റെ കരിയറിലെ 791മത്തെ ഗോളാണ് ഇന്ന് ക്രിസ്റ്റ്യാനോ അടിച്ചത്.

ഇരട്ട ഗോളുകളുമായി മൊയിസെ കീൻ, വിജയക്കുതിപ്പിൽ അസൂറിപ്പട

ലോകകപ്പ് യോഗ്യത മത്സരത്തിൽ വമ്പൻ ജയവുമായി അസൂറികൾ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇറ്റാലിയൻ ടീം ലിത്വാനിയയെ പരാജയപ്പെടുത്തിയത്. ഈ ജയത്തോടുകൂടി അപരാജിതക്കുതിപ്പ് തുടരുകയാണ് ഇറ്റലി. ഇറ്റലിക്ക് വേണ്ടി മോയിസെ കീൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ജിയകോമോ റാസ്പടോരി ഒരു ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഡി ലോറെൻസോയുടെ ഗോളിൽ ഇറ്റലി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അഞ്ചാം ഗോൾ നേടുകയും ചെയ്തു.

റാസ്പടൊരിയുടെ വൈട് ബോൾ എഡ്ഗരാസ് ഉത്കസിന്റെ ഡിഫ്ലെക്ഷനിൽ സെൽഫ് ഗോളായി ലിത്വാനിയയുടെ വലയിൽ കയറി. ആദ്യ പതിനൊന്നാം മിനുട്ടിൽ തന്നെ മോയിസെ കീനിലൂടെ ഇറ്റലി ഗോളടിയാരംഭിച്ചു. കളിയുടെ അരമണിക്കൂറിൽ തന്നെ ഇരട്ട ഗോളുകൾ പൂർത്തിയാക്കാൻ മോയിസെ കീനിനായി. തുടർച്ചയായ സമനിലകൾക്ക് ശേഷമുള്ള വലിയ ജയം ഇറ്റലിക്ക് തുണയാകും. പരിക്കേറ്റ താരങ്ങളുടെ വലിയ നിരയുമായി കഷ്ടപ്പെടുന്ന മാൻചിനിക്കും സംഘത്തിനും ആശ്വാസമാണ് ഈ ജയം. ഗ്രൂപ്പ് സിയിലെ‌ മറ്റൊരു മത്സരത്തിൽ നോർത്തേൺ അയർലാന്റ് സ്വിറ്റ്സർലാന്റിനെ സമനിലയിൽ കുരുക്കി.

ഇഞ്ചുറി ടൈമിലൊരു സമനില, ഇംഗ്ലണ്ടിനെ ഞെട്ടിച്ച് പോളണ്ട്

ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പിന് തടയിട്ട് പോളണ്ട്. ഇഞ്ചുറി ടൈമിൽ സമനില നേടിയാണ് ഇംഗ്ലണ്ടിനെ പോളണ്ട് ഞെട്ടിച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞപ്പോൾ ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്നും പോളണ്ടിന് വേണ്ടി ഡാമിയൻ സൈമൻസ്കിയും ഗോളടിച്ചു. വാർസോയിലെ കലുഷിതമായ മത്സരത്തിൽ ആദ്യ‌ പകുതിയിൽ കയ്യാങ്കളിയുണ്ടായെങ്കിലും ഗോൾ പിറന്നില്ല.

പോളിഷ് സൂപ്പർ സ്ട്രൈക്കർ ലെവൻഡോസ്കിക്ക് ആകെ ലഭിച്ച അവസരവും പിക്ഫോർഡ് വിഫലമാക്കി. ആദ്യം ഗോളടിച്ചത് 72ആം മിനുട്ടിൽ ഹാരി കെയ്നാണ്. ഇംഗ്ലണ്ട് കളി ജയിച്ചെന്നുറപ്പിച്ചപ്പോൾ 92ആം മിനുട്ടിലെ റോബർട്ട് ലെവൻഡോസ്കിയുടെ ഹെഡ്ഡ് ചെയ്താണ് ഡാമിയൻ പോളണ്ടിന് സ്വന്തം കാണികൾക്ക് മുന്നിൽ സമനില നേടിക്കൊടുത്തത്. ഗ്രൂപ്പ് ഐയിൽ ആദ്യ അഞ്ച് മത്സരവും ജയിച്ച ഇംഗ്ലണ്ട് 16പോയന്റുമായി ഒന്നാമതാണ്. 12 പോയന്റുമായി അൽബേനിയ രണ്ടാമതും 11 പോയന്റുമായി പോളണ്ട് മൂന്നാമതും 10 പോയന്റുമായി ഹങ്കറിയുമാണുള്ളത്. ഗ്രൂപ്പ് ജേതാക്കൾ ലോകകപ്പ് യോഗ്യത ഡയറക്ട് നേടുകയും രണ്ടാം സ്ഥാനക്കാർ പ്ലേ ഓഫിലേക്ക് കടക്കുകയും ചെയ്യും.

വിജയക്കുതിപ്പ് തുടർന്ന് ജർമ്മനി

ഹാൻസി ഫ്ലിക്ക് യുഗത്തിൽ വിജയക്കുതിപ്പ് തുടർന്ന് ജർമ്മനി. ഗ്രൂപ്പ് ജെയിലെ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജർമ്മനി ഐസ്ലാന്റിനെ പരാജയപ്പെടുത്തിയത്‌. സെർജ് ഗ്നാബ്രി, റൂഡിഗർ,സാനെ, തീമോ വെർണർ എന്നിവരാണ് ജർമ്മനിക്ക് വേണ്ടി ഗോളടിച്ചത്. ഒരു ഗോളടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത് ബയേണിന്റെ വിംഗർ ലെറോയ് സാനെ കളിയുടെ ചുക്കാൻ പിടിച്ചു.

ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ജർമ്മൻ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഫ്ലിക്കിന്റെ കീഴിൽ 12 ഗോളുകൾ അടിച്ച് കൂട്ടിയ ജർമ്മനി ഒരു ഗോൾ പോലും ഇതുവരെ വഴങ്ങിയിട്ടില്ല. അതേ സമയം തുടർച്ചയായി ഗോളടിക്കാൻ ലഭിച്ച അവസരങ്ങൾ ജർമ്മൻ താരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. തീമോ വെർണർ ഇന്നും ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. ഗ്രൂപ്പിൽ 15 പോയന്റുകളുമായി ജർമ്മനി ഒന്നാമതാണ്.

ലോകകപ്പ് യോഗ്യതയിൽ വമ്പൻ ജയവുമായി സ്പെയിനും ജർമ്മനിയും

യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ വമ്പൻ ജയവുമായി സ്‌പെയിൻ. ദുർബലരായ ജോർജിയയെ എതിരില്ലാത്ത 4 ഗോളുകൾക്ക് ആണ് സ്പാനിഷ് ടീം ഇന്ന് തകർത്തത്. 14 മിനിറ്റിൽ കോർണറിൽ നിന്നു ഗോൾ കണ്ടത്തിയ ജോസെ ഗയയാണ് സ്പെയിനിന്റെ ആദ്യ ഗോൾ നേടിയത്. 25 മിനിറ്റിൽ കാർലോസ് സോളർ റീബൗണ്ട് അവസരം ലക്ഷ്യം കണ്ടു സ്പാനിഷ് ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. 41 മിനിറ്റിൽ ഗോൾ കണ്ടത്തിയ ഫെരാൻ ടോറസ് ആദ്യ പകുതിയിൽ തന്നെ സ്പാനിഷ് ജയം ഉറപ്പിച്ചു. 63 മിനിറ്റിൽ പാബ്ലോ ഫോർനാൽസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ പാബ്ലോ സറാബിയ ആണ് സ്പാനിഷ് ജയം പൂർത്തിയാക്കിയത്. മത്സരത്തിൽ 75 ശതമാനം സമയവും പന്ത് കൈവശം വച്ച സ്പെയിൻ നിരവധി അവസരങ്ങൾ ആണ് സൃഷ്ടിച്ചത്.

മറ്റൊരു ദുർബലരായ അർമേനിയയെ ഗോൾ മഴയിൽ മുക്കിയാണ് ജർമ്മനി തങ്ങളുടെ ജയം ആഘോഷിച്ചത്. സെർജ് ഗനാബ്രി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ എതിരില്ലാത്ത 6 ഗോളുകൾക്ക് ആയിരുന്നു ജർമ്മൻ ജയം. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ തന്റെ ബയേൺ സഹതാരം ഗോർട്ടസ്കെയുടെ പാസിൽ നിന്നു ഗനാബ്രി ഹൻസി ഫ്ലിക്കിന്റെ ടീമിന് മുൻതൂക്കം നൽകി. 15 മിനിറ്റിൽ മാർകോ റൂയിസിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ഗനാബ്രി ജർമ്മൻ ലീഡ് ഉയർത്തി. 35 മിനിറ്റിൽ തിമോ വെർണറിന്റെ പാസിൽ നിന്നു മാർകോ റൂയിസ് മൂന്നാം ഗോൾ കണ്ടത്തി. 44 മിനിറ്റിൽ ഇത്തവണ ഗോർട്ടസ്‌കെയുടെ പാസിൽ നിന്നു ഗോൾ നേടിയ വെർണർ ജർമ്മൻ ഗോൾ നേട്ടം നാലാക്കി ഉയർത്തി. രണ്ടാം പകുതിയിൽ 52 മിനിറ്റിൽ യൊനാസ് ഹോഫ്മാൻ ജർമ്മനിക്ക് അഞ്ചാം ഗോൾ സമ്മാനിച്ചപ്പോൾ 91 മിനിറ്റിൽ റിറ്റ്സിന്റെ പാസിൽ നിന്നു കരിം അദിയെമിയാണ് ജർമ്മൻ ജയം പൂർത്തിയാക്കിയത്.

Exit mobile version