ഹൃദയാഘാതം മൂലം വീണ അതേ മൈതാനത്ത് ഗോളുമായി എറിക്സൻ! സെർബിയയെ തകർത്തു ഡെന്മാർക്ക്

സൗഹൃദ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ഡെൻമാർക്ക്. ലോകകപ്പ് യോഗ്യത നേടിയ നല്ല ഫോമിലുള്ള ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിൽ ഡാനിഷ് മികവ് ആണ് കാണാൻ ആയത്. യൂറോയിൽ ഹൃദയാഘാതം കൊണ്ടു കളം വിട്ട ക്രിസ്റ്റിയൻ എറിക്സൻ തുടർച്ചയായ രണ്ടാം മത്സരത്തിലും ഡെന്മാർക്കിന്‌ ആയി ഗോൾ കണ്ടത്തി. യൂറോയിൽ താൻ ഫിൻലാന്റിന് എതിരെ ഹൃദയാഘാതം മൂലം വീണ പാർക്കൻ സ്റ്റേഡിയത്തിൽ ആയിരുന്നു ക്യാപ്റ്റൻ ആയി തിരിച്ചു വന്നു 290 ദിവസങ്ങൾക്ക് ശേഷം ആയിരുന്നു എറിക്സന്റെ ഗോൾ.

Screenshot 20220330 000030

സ്വന്തം കാണികൾക്ക് മുന്നിൽ ഡാനിഷ് മുൻതൂക്കം ആണ് മത്സരത്തിൽ കാണാൻ ആയത്. മത്സരത്തിന്റെ 15 മത്തെ മിനിറ്റിൽ ജോകിം മഹലെ ആണ് ഡെന്മാർക്കിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ഹോയ്‌ബയറിന്റെ പാസിൽ നിന്നു ജെസ്‌പെർ ലിൻസ്‌ട്രോം അവരുടെ രണ്ടാം ഗോൾ നേടി. തുടർന്ന് 57 മത്തെ മിനിറ്റിൽ നോർഗാർഡിന്റെ പാസിൽ നിന്നു ക്ലാസിക് എറിക്സൻ സ്റ്റൈലിൽ ലോങ് റേഞ്ചറിലൂടെ എറിക്സൻ അവരുടെ ജയം പൂർത്തിയാക്കുക ആയിരുന്നു. യൂറോ സെമിഫൈനലിൽ നിർഭാഗ്യം മൂലം തോൽവി വഴങ്ങിയ ഡെന്മാർക്ക് എറിക്സന്റെ കൂടെ പിന്തുണയോടെ ലോകകപ്പിൽ അത്ഭുതം കാണിച്ചാൽ അത്ഭുതം ഒന്നും അല്ല എന്നാണ് ഈ ഫലങ്ങൾ നൽകുന്ന സൂചന.