മെസ്സി അർജന്റീന ടീമിലേക്ക് എനി എന്ന് തിരിച്ചുവരുമെന്ന് തനിക്ക് അറിയില്ലെന്ന് അർജന്റീന പരിശീലകൻ സ്കലോണി. മെസ്സിയുമായി താൻ സംസാരിച്ചിരുന്നെന്നും എന്നാൽ എന്ന് തിരിച്ചു വരും എന്നുള്ളത് സംസാരിച്ചിട്ടില്ലെന്നും അർജന്റീന പരിശീലകൻ പറഞ്ഞു. ഈ മാസം നടക്കുന്ന ഇറാഖിനെതിരെയും ബ്രസീലിനെതിരെയുമുള്ള മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ മെസ്സിയെ ഉൾപ്പെടുത്തിയിരുന്നില്ല.
റഷ്യൻ ലോകകപ്പിലെ അർജന്റീനയുടെ മോശം പ്രകടനത്തെ തുടർന്നാണ് മെസ്സി ദേശീയ ടീമിൽ നിന്ന് വിട്ടു നിന്നത്. സെപ്റ്റംബറിൽ നടന്ന അർജന്റീനയുടെ സഹൃദ മത്സരങ്ങളിലും മെസ്സി പങ്കെടുത്തിരുന്നില്ല. നേരത്തെ 2016ലെ കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് ശേഷം മെസ്സി ദേശീയ ടീമിൽ വിരമിച്ചിരുന്നു. എന്നാൽ തന്റെ തീരുമാനം മാറ്റി തിരിച്ചുവന്ന മെസ്സി അർജന്റീനയെ ലോകകപ്പ് യോഗ്യത നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.
അതെ സമയം അർജന്റീന ഫുട്ബോൾ ഇതിഹാസം മറഡോണ മെസ്സി ദേശീയ ടീമിലേക്ക് തിരിച്ചുവരേണ്ടതില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെസ്സിയെ ആവശ്യമില്ലാതെ എല്ലാവരും വിമർശിക്കുകയാണെന്നും മറഡോണ പറഞ്ഞിരുന്നു.