അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി ഇന്റർ മിലാൻ

ഇന്റർ നാഷണൽ ചാമ്പ്യൻസ് കപ്പിൽ നടന്ന അവസാന മത്സരത്തിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ഇന്റർ മിലാൻ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കരുത്തരായ സ്പാനിഷ് ടീം അടിയറവ് പറഞ്ഞത്. ലൗറ്ററോ മാർട്ടിനെസിന്റെ വെടിച്ചില്ലു ഗോളിലാണ് ഇന്റർ ജയം സ്വന്തമാക്കിയത്. യൂറോപ്പ്യൻ സൂപ്പർ കപ്പിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ റയൽ മാഡ്രിഡാണ്.

ലൂസിയാനോ സ്പാളേറ്റിയുടെ ഇന്ററിന്റെ ഏറ്റവും മികച്ച തുടക്കമാണ് വണ്ട മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ വെച്ച് ഫുട്ബോൾ ലോകം കണ്ടത്. ഇന്ററിന്റെ ഗോളടി വീരൻ മൗറോ ഇക്കാർഡി തുടക്കത്തിൽ തന്നെ അത്ലറ്റിക്കോയുടെ ഗോൾമുഖത്തേക്ക് ഇരച്ചു കേറിയെങ്കിലും ഒബ്ലാക്കിന്റെ മികച്ച പ്രകടനം അത്ലറ്റിക്കോയെ രക്ഷിച്ചു.

ഇന്ററിന്റെ സമ്മർ സൈനിങ്ങായ ലൗറ്ററോ മാർട്ടിനെസിന്റെ സീസർ കിക്കിലൂടെയാണ് ഇന്റർ സ്പാനിഷ് വമ്പന്മാരെ പരാജയപ്പെടുത്തിയത്. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിതെന്നു നിസംശയം പറയാം. തിരിച്ചടിക്കാനൊരവസരം അത്ലറ്റിക്കോ മാഡ്രിഡിന് ലഭിച്ചെങ്കിലും വാറിന്റെ ഇടപെടൽ അത് നിഷേധിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial