ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബയേൺ മ്യൂണിക്കിനെ മലർത്തിയടിച്ച് ആഴ്‌സണൽ

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബുണ്ടസ്ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ ജയം. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയതിനേക്കാൾ മികച്ച അനുഭവ സമ്പത്തുള്ള ടീമിനെ ഇറക്കിയ ആഴ്‌സണൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ നേടിയ ഗോളിലാണ് ജയം സ്വന്തമാക്കിയത്. ആഴ്‌സണലിന് വേണ്ടി ഓബാമയാങ്, ഓസിൽ, ലാകസറ്റേ, മികിതരിയൻ എന്നിവരെല്ലാം ഇന്നത്തെ മത്സരത്തിന് ഇറങ്ങിയിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ലൂയിസ് പോസ്നൻസ്‌കിയുടെ സെൽഫ് ഗോളിൽ ആഴ്‌സണൽ ആണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. എന്നാൽ ലെവൻഡോസ്‌കിയുടെ ഗോളിൽ ബയേൺ സമനില പിടിച്ചെങ്കിലും ആഴ്‌സണൽ യുവതാരം എഡി എൻകെയ്‌റ്റയുടെ ഗോളിൽ ആഴ്‌സണൽ ജയം ഉറപ്പിക്കുകയായിരുന്നു.