ടോട്ടൻഹാമിനെയും വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്, താരമായി ഏഞ്ചൽ ഗോമസ്

പ്രീസീസണിലെ ഗംഭീര ഫോം മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുന്നു. ഇന്ന് ചൈനയിൽ നടന്ന ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ടോട്ടൻഹാമിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. യുണൈറ്റഡിന്റെ തുടർച്ചയായ നാലാം വിജയമാണിത്.

കളിയുടെ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു കളി നിയന്ത്രിച്ചത്. നിരവധി അവസരങ്ങളും യുണൈറ്റഡ് സൃഷ്ടിച്ചു. ബ്രസീലിയൻ മിഡ്ഫീൽഡർ പെരേരയുടെ പാസിൽ നിന്ന് ഒരു സ്ട്രൈക്കിലൂടെ മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആദ്യ പകുതിയിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ സോൺ, മോറ, ലമേല എന്നിവരെ ഒക്കെ ഇറക്കിയ ടോട്ടൻഹാം മെച്ചപ്പെട്ട കളി പുറത്തെടുത്തു.

ലൂകാസ് മോറയുടെ ഒരു ഡിഫ്ലക്റ്റഡ് ഷോട്ടിലൂടെ ആയിരുന്നു ടോട്ടൻഹാമിന്റെ സമനില ഗോൾ പിറന്നത്. പിന്നീട് ഇരു ടീമുകളും വിജയഗോളിനായുള്ള ശ്രമം തുടർന്നു. മാഞ്ചസ്റ്ററിന്റെ 19കാരനായ ഏഞ്ചൽ ഗോമസ് ആണ് വിജയ ഗോളുമായി എത്തിയത്. മാറ്റയുമായി ഒരു വൺ ടച്ച് പാസ് മൂവ്മെന്റ് നടത്തിയതിനു ശേഷമായിരുന്നു ഗോമസിന്റെ ഗോൾ.