ഫോർട്ട് ലോഡർഡെയ്‌ലിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന എംഎൽഎസ് കപ്പ് ഫൈനലിൽ വാൻകൂവർ വൈറ്റ്‌കാപ്‌സിനെ 3-1 ന് പരാജയപ്പെടുത്തി ഇന്റർ മയാമിക്ക് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ എംഎൽഎസ് കപ്പ് കിരീടം. ഫൈനലിൽ രണ്ട് നിർണ്ണായക അസിസ്റ്റുകൾ നൽകി ലയണൽ മെസ്സി വീണ്ടും ക്ലബിന്റെ ഹീറോ ആയി.
ആദ്യ 10 മിനിറ്റിനുള്ളിൽ ഒരു അപകടകരമായ ക്രോസ് വാൻകൂവർ പ്രതിരോധനിര താരം ഏഡിയർ ഒകാമ്പോയുടെ ഓൺ ഗോളിൽ കലാശിച്ചു. ഇതോടെ ആതിഥേയർ 1-0 ന് മുന്നിലെത്തി. ഇടവേളയ്ക്ക് ശേഷം അലി അഹമ്മദിലൂടെ വാൻകൂവർ തിരിച്ചടിച്ചു,
മത്സരം തുല്യമായി മുന്നേറവെ, മെസ്സി പന്ത് കൈവശപ്പെടുത്തി, റോഡ്രിഗോ ഡി പോളിന് കൃത്യമായൊരു പാസ് നൽകി. ഡി പോൾ പന്ത് വലയിലെത്തിച്ചതോടെ 71-ാം മിനിറ്റിൽ മിയാമി ലീഡ് തിരിച്ചുപിടിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിൽ മെസ്സി ടാഡിയോ അലൻഡെയ്ക്ക് മറ്റൊരു മികച്ച അസിസ്റ്റ് നൽകി, അലൻഡെയുടെ ഗോൾ 3-1 ന്റെ വിജയം ഉറപ്പിക്കുകയും സൗത്ത് ഫ്ലോറിഡയിൽ വൻ ആഘോഷങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു.
മെസ്സിയുടെ വരവിന് ശേഷം ലീഗ്സ് കപ്പും സപ്പോർട്ടേഴ്സ് ഷീൽഡും അവസാന ആഴ്ച ഈസ്റ്റേൺ കോൺഫറൻസ് കപ്പും ഉയർത്തിയെങ്കിലും ലീഗിലെ ഏറ്റവും വലിയ സമ്മാനത്തിനായി കാത്തിരുന്ന ഇന്റർ മിയാമിക്ക് എംഎൽഎസ് കപ്പ് നേട്ടം ഒരു മികച്ച മുന്നേറ്റമാണ്. ലോകകപ്പ്, ചാമ്പ്യൻസ് ലീഗ്, കോപ്പ അമേരിക്ക എന്നിവയുൾപ്പെടെയുള്ള മെസ്സിയുടെ ട്രോഫി ശേഖരത്തിലേക്ക് ഈ വിജയം അദ്ദേഹത്തിന്റെ ആദ്യ എംഎൽഎസ് കപ്പ് കിരീടം കൂടി ചേർത്തു.