ഇന്ന് നടന്ന സൗഹൃദമത്സരത്തിൽ ലയണൽ മെസ്സിയുടെ ടീമായ ഇന്റർമയാമിയെ സൗദി ക്ലബായ അൽ ഹിലാൽ തോൽപ്പിച്ചു. ആവേശകരമായ മത്സരത്തിൽ അൽ ഹിലാൽ 4-3ന്റെ വിജയമാണ് നേടിയത്. രണ്ടുതവണ തിരിച്ചടിച്ച് ലയണൽ മെസ്സിയുടെ ഇന്റർ മയാമി സമനില നേടി എങ്കിലും അവസാനം ബ്രസീലിയൻ താരം മാൽകോം നേടിയ ഗോളിൽ അവർ വിജയം ഉറപ്പിക്കുകയായിരുന്നു.
ഇൻറർ മായാമി അവരുടെ പ്രീസീസൺ ടൂറിന്റെ ഭാഗമായാണ് സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെ നേരിട്ടത്. ഇന്ന് തുടക്കത്തിൽ തന്നെ അൽ ഹിലാൽ ഇന്റർ മയാമിക്ക് എതിരെ 2 ഗോളുകൾക്ക് മുന്നിലെത്തി. പത്താം മിനുട്ടിൽ മിട്രോവിചും പതിമൂന്നാം മിനിറ്റിൽ ഹംദാനുമാണ് അൽ ഹിലാൽനായി ഗോൾ നേടിയത്.
36ആം മിനുട്ടിൽ സുവാരസിന്റെ ഒരു ഗോൾ സ്കോർ 2-1 എന്നാക്കി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു ഹെഡറിലൂടെ മൈക്കൾ ഗോൾ നേടിയതോടെ ഹിലാൽ 3-1 എന്നാക്കി സ്കോർ ഉയർത്തി. ആദ്യ പകുതി ആ സ്കോദ്ദൊൽ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലയണൽ മെസ്സി ഒരു പെനാൽറ്റിയിലൂടെ സ്കോർ 3-2 എന്നാക്കി. ഈ ഗോൾ പിറന്ന് രണ്ട് മിനിറ്റ് കഴിഞ്ഞ് 55ആം മിനിട്ടിൽ ഒച്ചവയുടെ ഒരു ഗംഭീര ഫിനിഷ് സ്കോർ 3-3 എന്നാക്കി. ഇതിനുശേഷം ഇരു ടീമുകളും വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചു. അവസാനം എൺപത്തിയെട്ടാം മിനിറ്റിൽ മാൽക്കം അൽ ഹിലാലിനായി വിജയ ഗോൾ നേടി. ഇനി ഇൻറർ മയാമി ഫെബ്രുവരി ഒന്നിന് ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസറിനെ നേരിടും.