സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ നാഷണൽസ് കപ്പ് 2025-ൽ ഒമാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഇന്ത്യൻ ഫുട്ബോൾ ടീമിന് വെങ്കല മെഡൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഫിഫ റാങ്കിങ്ങിൽ 79-ാം സ്ഥാനത്തുള്ള ഒമാനെയാണ് 133-ാം സ്ഥാനത്തുള്ള ഇന്ത്യ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ 55-ാം മിനിറ്റിൽ ജമീൽ അൽ യഹ്മദി നേടിയ ഗോളിലൂടെ ഒമാൻ മുന്നിലെത്തി. പിന്നീട് ഗോൾ മടക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾ 80-ാം മിനിറ്റിൽ ഫലം കണ്ടു. പകരക്കാരനായി ഇറങ്ങിയ ഉദാന്ത സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ ഒമാന് ഒപ്പമെത്തി. പിന്നീട് അധിക സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഒമാൻ ആദ്യ രണ്ട് കിക്കുകളും പാഴാക്കി. എന്നാൽ ഇന്ത്യക്ക് വേണ്ടി അൻവർ അലിയും ഉദാന്തയും പെനാൽറ്റി പാഴാക്കി. ഒടുവിൽ ഒമാന്റെ അവസാന കിക്ക് തടുത്തിട്ട ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ഈ വിജയം ഇന്ത്യക്ക് വെങ്കല മെഡൽ നേടിക്കൊടുത്തത് മാത്രമല്ല, ശക്തരായ എതിരാളികൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ടീമിന്റെ പോരാട്ടവീര്യവും വ്യക്തമാക്കുന്നു. ഈ വിജയം വരും മത്സരങ്ങളിൽ ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്.