എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ അണ്ടർ 23 ഫുട്ബോൾ ടീം ബ്രൂണൈ ദാറുസ്സലാമിനെ 6 ഗോളുകൾക്ക് തകർത്തു. ദോഹയിൽ നടന്ന മത്സരത്തിൽ മലയാളി താരങ്ങളായ വിബിൻ മോഹനും ഐമനും ഇന്ത്യയ്ക്കായി തിളങ്ങി. കളി തുടങ്ങി 5-ാം മിനിറ്റിലും 7-ാം മിനിറ്റിലും 62-ാം മിനിറ്റിലുമായി വിബിൻ ഹാട്രിക് നേടി. അതിൽ ഒരു ഗോൾ തകർപ്പൻ ഫ്രീ-കിക്കിലൂടെയായിരുന്നു.

ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ആയുഷ് ഛേത്രിയും ഒരു ഗോൾ നേടി. കളിയുടെ അവസാന നിമിഷങ്ങളിൽ മുഹമ്മദ് ഐമെൻ്റെ രണ്ട് ഗോളുകൾ കൂടി വന്നതോടെ ഇന്ത്യ വിജയം പൂർത്തിയാക്കി.
മത്സരത്തിന്റെ തുടക്കം മുതൽക്കേ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ തകർപ്പൻ വിജയത്തോടെ ബ്ലൂ കോൾട്ട്സ് ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ അവസാനിപ്പിച്ചു. എങ്കിലും ഇനി ടൂർണമെന്റിലേക്ക് യോഗ്യത നേടണമെങ്കിൽ മറ്റ് ഗ്രൂപ്പുകളിലെ മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും.