കിർഗിസ് റിപ്പബ്ലിക്കിലെ ബിഷ്‌കെക്കിൽ നടന്ന മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 2-1 ന് തോൽപ്പിച്ച് ഇന്ത്യയുടെ അണ്ടർ 17 വനിതാ ഫുട്ബോൾ ടീം ചരിത്രത്തിൽ ആദ്യമായി എ.എഫ്.സി അണ്ടർ 17 വനിതാ ഏഷ്യൻ കപ്പ് 2026-ന് യോഗ്യത നേടി. ആവേശകരമായ ഒരു തിരിച്ചുവരവിൽ, യുവ ഇന്ത്യൻ ടീം ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തി.
38-ാം മിനിറ്റിൽ ഷാഖ്‌സോദ അലിഖോനോവയുടെ വോളിയിലൂടെ ഉസ്‌ബെക്കിസ്ഥാൻ ലീഡ് നേടിയതോടെ, ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ ഹെഡ് കോച്ച് ജോക്കിം അലക്‌സാണ്ടർസന്റെ തന്ത്രപരമായ മാറ്റങ്ങൾ കളിയുടെ ഗതി മാറ്റി. 55-ാം മിനിറ്റിൽ പകരക്കാരിയായി വന്ന തണ്ടാമണി ബാസ്‌കി സമനില ഗോൾ നേടി, പിന്നീട് 66-ാം മിനിറ്റിൽ വിജയഗോളിന് അനുഷ്‌ക കുമാരിക്ക് അവസരം ഒരുക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ, ആദ്യമായി ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിച്ചു.