ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനെ ഉടൻ തന്നെ എ ഐ എഫ് എഫ് പ്രഖ്യാപിക്കും എങ്കിലും എല്ലാവരും പ്രതീക്ഷിച്ചതു പോലെ വൻ പേരായിരിക്കില്ല പരിശീലകനായി എത്തുക. പരിശീലകനാവാൻ അപേക്ഷ നൽകിയവരുടെ കൂട്ടത്തിൽ വമ്പൻ പേരുകൾ ഉണ്ട് എങ്കിലും അവരെ കൊണ്ടുവരാൻ ഉള്ള ബഡ്ജറ്റ് ഇല്ലാ എന്നതാണ് ഇന്ത്യക്ക് ഇപ്പോൾ തലവേദന ആയിരിക്കുന്നത്.
ഇരുന്നൂറ്റി അമ്പതിൽ കൂടുതൽ പരിശീലകരിൽ നിന്ന് ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ ലഭിച്ചിരുന്നു. അതിൽ നിന്ന് ഇപ്പോൾ 40 പേരെ എ ഐ എഫ് എഫ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ നിന്നാകും പുതിയ പരിശീലകനെ ഇന്ത്യ തിരഞ്ഞെടുക്കുന്നത്. ഫ്രഞ്ച് പരിശീലകനായ റെയ്മണ്ട് ഡൊമനിക്ക്, പ്രസിദ്ധ പരിശീലകരായ ബിഗ് സാം, എറിക്സൺ, ആൽബർട്ടോ സെക്കറൂണി, മസിമിലിയാനോ എന്നിവരൊക്കെ ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ നൽകിയവരിൽ ഉണ്ട്. എന്നാൽ ഇവരെയൊക്കെ നിയമിച്ചാൽ ഇവർക്കൊപ്പം ഇവരുടെ വിദേശ കോച്ചിംഗ് ടീമിനെയും ഇന്ത്യ കൊണ്ടുവരേണ്ടതായി വരും. അതുകൊണ്ട് ഇന്ത്യ വൻ പേരുകൾക്ക് പിറകിൽ പോവില്ല എന്നാണ് സൂചനകൾ വരുന്നത്.
ഈ മാസം അവസാനിക്കും മുമ്പ് പരിശീലകനെ പ്രഖ്യാപിക്കും എന്ന് പ്രഫുൽ പട്ടേൽ നേരത്തെ പറഞ്ഞിരുന്നു. ഏഷ്യൻ കപ്പ് കഴിഞ്ഞ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ സ്ഥാനമൊഴിഞ്ഞ ശേഷം ഇന്ത്യൻ ടീം പരിശീലകൻ ഇല്ലാതെ കഴിയുകയാണ്. കിംഗ്സ് കപ്പ് വരാനിരിക്കുന്നത് കൊണ്ട് പെട്ടെന്ന് തന്നെ ഇന്ത്യക്ക് പരിശീലകനെ നിയമിക്കേണ്ടതുണ്ട്.