അങ്ങനെ ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യൻ ഫുട്ബോൾ റോഡ് മാപ്പ് എത്തി. എ ഐ എഫ് എഫ് ഇന്ന് വാർത്ത സമ്മേളനത്തിലൂടെ ഇന്ത്യൻ ഫുട്ബോളിന്റെ ദീർഘകാല ലക്ഷ്യങ്ങൾ വ്യക്തമാക്കി. 2047ലേക്ക് ഇന്ത്യൻ ഫുട്ബോളിനെ ഏഷ്യയിലെ വലിയ ശക്തിയാക്കി മാറ്റുക ആണ് റോഡ് മാപ്പിലെ പ്രധാന ലക്ഷ്യം.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് നൂറ് വർഷമാകും 2047ൽ എന്നത് കൊണ്ട് ആ വർഷം സുപ്രധാനം ആണെന്നും അതാണ് 2047 തിരഞ്ഞെടുക്കാൻ കാരണം എന്നും എ ഐ എഫ് എഫ് പറയുന്നു.
2047ലേക്ക് ഏഷ്യയിലെ മികച്ച നാലു ടീമുകളിൽ ഒന്നായി ഇന്ത്യയെ മാറ്റുക. മികച്ച 3 ലീഗുകളിൽ ഒന്നായി ഇന്ത്യയുടെ പുരുഷ വനിതാ ലീഗുകളെ മാറ്റുക. ലോക ഫുട്ബോളിൽ സൂപ്പർ സ്റ്റാർ ആകുന്ന ഒരു ദേശീയ താരത്തെ എങ്കിലും സൃഷ്ടിക്കുക എന്നത് എല്ലാം ആണ് 2047ലേക്കുള്ള പ്രധാന വീക്ഷണങ്ങൾ.
വനിതാ ഫുട്ബോളിന് വേണ്ടി എ ഐ എഫ് വ്ഫ് ഉടൻ പ്രത്യേക ഡിപാർട്മെന്റ് തുടങ്ങും എന്നും വനിതാ ഫുട്ബോൾ താരങ്ങൾക്ക് മിനിമം വേതനം ഉറപ്പിക്കും എന്നും റോഡ് മാപ്പിൽ പറയുന്നു.
2026ലേക്ക് രണ്ട് അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള സ്റ്റേഡിയങ്ങൾ ഇന്ത്യയിൽ പണിയും. ഒരു സ്മാർട് സ്റ്റേഡിയവും പണിയും. എ ഐ എഫ് എഫ് എക്സലൻസ് സെന്റർ കൊൽക്കത്തയിൽ പണിയും. മെഗാ ഫുട്ബോൾ പാർക്കുകളും നിർമ്മിക്കും.
2047ലേക്ക് 20000 കോമ്പിറ്റിറ്റീവ് ക്ലബ്ബുകൾ ഇന്ത്യയിൽ ഉണ്ടാകും. ലീഗ് സ്ട്രെക്ചറിലേക്ക് 100 പ്രൊഫഷണൽ ക്ലബുകളെ എത്തിക്കും. ഗ്രാസ് റൂട്ടിൽ 2026നകം ഒരു മില്യൺ രജിസ്റ്റേർഡ് താരങ്ങൾ ഉണ്ടാകും. എലൈറ്റ് യൂത്ത് ലീഗ് കാറ്റഗറിയിൽ നൂറ് ക്ലബ് ഉണ്ടെന്ന് ഉറപ്പിക്കും എന്നും റോഡ് മാപ്പിൽ പറയുന്നു.
സന്തോഷ് ട്രോഫിയെ റീബ്രാൻഡ് ചെയ്യും. ദേശീയ ഫുട്ബോൾ ഗെയിംസ് കൊണ്ടു വരും. ഹീറോ ഗോൾഡ് കപ്പും ഇന്റർ കോണ്ടിനന്റൽ കപ്പു പുനരാരംഭിക്കും. സൂപ്പർ കപ്പ് വികസിപ്പിക്കും എന്നും എ ഐ എഫ് എഫ് പറയുന്നു.
2026നകം ഇന്ത്യയെ ഏഷ്യയിലെ ടോപ് 10ൽ എത്തിക്കുക. 2036നകം ഏഷ്യയിലെ ആദ്യ 7ൽ എത്തിക്കുക എന്നതും ലക്ഷ്യമായി പറയുന്നു. ഇന്ത്യ ഇപ്പോൾ ഏഷ്യയിൽ 19ആം സ്ഥാനത്താണ്. 2026 മുതൽ അണ്ടർ 17 ലോകകപ്പിന് സ്ഥിരം യോഗ്യത നേടണം എന്നതും ഇന്ത്യയുടെ ലക്ഷ്യമാണ്.