ഇതാണ് ഇന്ത്യ!! ഏഷ്യൻ ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിൽ തളച്ച് സ്റ്റിമാചിന്റെ പുതിയ ഇന്ത്യ

ഏഷ്യൻ ചാമ്പ്യന്മാരെന്ന വമ്പുമായി വന്ന ഖത്തറിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച് സ്റ്റിമാചിന്റെ പുതിയ ഇന്ത്യ. മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ ഇന്ത്യക്ക് യാതൊരു സാധ്യതയും കൽപ്പിക്കാതിരുന്ന മത്സരത്തിൽ ബാഴ്‌സലോണയുടെയും സ്പെയിനിന്റെയും ഇതിഹാസ താരം സാവിയെ സാക്ഷിയാക്കിയാണ് ഇന്ത്യൻ ടീം ഖത്തറിനെ സമനിലയിൽ തളച്ചത്. ഇന്ത്യൻ നിരയിൽ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സുനിൽ ഛേത്രിയും ആഷിഖ് കുരുണിയനും ഇല്ലാതിരുന്നിട്ട് കൂടി പ്രതിരോധ മതിൽ കെട്ടി ഇന്ത്യ ഖത്തറിനെ തളക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഒരു ദയയുമില്ലാതെ 6 ഗോളുകൾ അടിച്ചു കൂട്ടിയ ഖത്തർ സ്റ്റിമാചിന്റെ തന്ത്രത്തിന് മുൻപിൽ പത്തി മടക്കുകയായിരുന്നു.

മത്സരം തുടങ്ങിയത് മുതൽ എല്ലാവരും പ്രതീക്ഷച്ചത് പോലെ ഖത്തർ തന്നെയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ്ങും പ്രതിരോധ നിരയിൽ ജിങ്കനും ആദിൽ ഖാനും ഉറച്ച് നിന്നതോടെ ഖത്തറിന് ഗോൾ നേടാനുള്ള വഴികൾ മുഴുവൻ അടയുകയായിരുന്നു. ആദ്യ പകുതിയിൽ ഇന്ത്യൻ താരങ്ങളുടെ കാലിൽ പന്ത് എത്തിയപ്പോഴെല്ലാം ഒരു നിമിഷം പോലും സമയം നൽകാതെ ഖത്തർ താരങ്ങൾ വളയുകയായിരുന്നു.  രണ്ടാം പകുതിയിൽ പ്രെസ്സിങ്ങിൽ ഖത്തർ പിറകോട്ട് പോയതോടെ മത്സരത്തിൽ ഇന്ത്യയും അവസരങ്ങൾ സൃഷ്ടിച്ച് തുടങ്ങി. കേരള ബ്ലാസ്റ്റേഴ്സിന്റെ സഹലിന്റെ മികച്ച ചില മുന്നേറ്റങ്ങളും രണ്ടാം പകുതിയിൽ കണ്ടെങ്കിലും ഇന്ത്യക്ക് ഗോൾ നേടാനായില്ല.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഉദാന്തയുടെ ഒരു മികച്ച ശ്രമം ബാറിന് തൊട്ട് മുകളിലൂടെ പറന്നിറങ്ങിയത് ഇന്ത്യൻ ആരാധകർ ശ്വാസം അടക്കി പിടിച്ചാണ് കണ്ട് നിന്നത്. അവസാന മിനുറ്റുകളിലേക്ക് കടന്നതോടെ നിരന്തരം ആക്രമണം ഖത്തർ അഴിച്ച് വിട്ടെങ്കിലും ഗുർപ്രീതും ഭാഗ്യവും ഇന്ത്യയുടെ തുണക്ക് എത്തുകയായിരുന്നു. ഗുർപ്രീതിന്റെ സേവിൽ നിന്ന് വന്ന റീബൗണ്ട് ഖത്തർ പോസ്റ്റിലേക്ക് അടിച്ചെങ്കിലും പോസ്റ്റിൽ തട്ടി തെറിച്ചതും ഇന്ത്യക്ക് തുണയായി.

കഴിഞ്ഞ 8 മത്സരങ്ങളിൽ ഏഷ്യൻ എതിരാളികൾക്കെതിരെ 25 ഗോളുകൾ അടിച്ചു കയറ്റിയ ഖത്തർ ആക്രമണ നിരയെയാണ് സന്ദേശ് ജിങ്കനും ആദിൽ ഖാനും ചേർന്ന ഇന്ത്യൻ പ്രതിരോധം വരച്ച വരയിൽ നിർത്തിയത്.