വരാനിരിക്കുന്ന ഫിഫ ഇന്റർനാഷണൽ ബ്രേക്കിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ വീണ്ടും കളത്തിൽ കാണാം.മാർച്ചിൽ ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ടീം ത്രിരാഷ്ട്ര ഫിഫ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് കളിക്കും എന്ന് എ ഐ എഫ് എഫ് അറിയിച്ചു. മ്യാൻമറും കിർഗിസ് റിപ്പബ്ലിക്കും ആകും ത്രിരാഷ്ട്ര ടൂർണമെന്റിന്റെ ഭാഗം ആവുക. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ ആകും മത്സരങ്ങൾ നടക്കുക. മാർച്ച് 22, 24, 26 തീയതികളിലാലും മത്സരങ്ങൾ.
ഇന്ന് ഇംഫാലിൽ ഒരു പത്രസമ്മേളനത്തിൽ ബഹുമാനപ്പെട്ട മണിപ്പൂർ മുഖ്യമന്ത്രി ശ്രീ എൻ ബിരേൻ സിംഗ് ആണ് ഈ വാർത്ത അറിയിച്ചത്. വാർത്താ സമ്മേളനത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലായ ഡോ. ഷാജി പ്രഭാകരനും പങ്കെടുത്തു. ഇംഫാലിൽ ആദ്യമായാകും ഇന്ത്യൻ നാഷണൽ ടീം കളിക്കുന്നത്.
ഇന്ത്യൻ ടീമും കിർഗിസ്ഥാനും തമ്മിലുള്ള മത്സരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഈ രണ്ട് ടീമുകളും മുഖാമുഖം വരുന്ന അഞ്ചാമത്തെ മത്സരമാകും ഇത്. മൂന്ന് ജയവും ഒരു തോൽവിയും നേടിയ മുൻ മത്സരങ്ങളിൽ ഇന്ത്യയ്ക്കാണ് മുൻതൂക്കം. 2018 ലെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു അവസാന കൂടിക്കാഴ്ച, അന്ന് ഇന്ത്യ 1-0ന് സ്വന്തം തട്ടകത്തിൽ വിജയിക്കുകയും റിവേഴ്‌സ് ഫിക്‌ചറിൽ 2-1ന് പരാജയപ്പെടുകയും ചെയ്തു. 2007ലെ നെഹ്‌റു കപ്പിനിടെ നടന്ന മത്സരത്തിൽ ഇന്ത്യ 3-0ന് വിജയം ഉറപ്പിച്ചപ്പോൾ 2009ൽ ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യ 2-1നും കിർഗിസ്താനെതിരെ ജയിച്ചിരുന്നു.