ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എഎഫ്‌സി യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് സിംഗപ്പൂരിനോട് 2-1 എന്ന സ്‌കോറിന് നിരാശാജനകമായ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. കഴിഞ്ഞയാഴ്ച സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ സമനില പിടിച്ച ഇന്ത്യ ഇത്തവണ സ്വന്തം നാട്ടിൽ ഞെട്ടിക്കുന്ന തോൽവി ആണ് ഏറ്റു വാങ്ങിയത്. ആദ്യ പകുതിയിൽ ഗോളടിച്ച് മുന്നിലെത്തിയെങ്കിലും സിംഗപ്പൂരിന്റെ തിരിച്ചടിയിൽ ഇന്ത്യക്ക് പിടിച്ചുനിൽക്കാനായില്ല.

മത്സരം തുടങ്ങി 14-ാം മിനിറ്റിൽ ലാൽലിയൻസുവാല ചാങ്‌തെയുടെ തകർപ്പൻ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. 35 വാര അകലെ നിന്ന് ചാങ്‌തെ തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട് സിംഗപ്പൂർ ഗോൾകീപ്പറെ മറികടന്ന് വലയുടെ മുകൾ ഭാഗത്ത് തറച്ചു.
എന്നാൽ, ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ സിംഗപ്പൂർ മറുപടി നൽകി. 44-ാം മിനിറ്റിൽ സോങ് യുയി-യോങ് പന്ത് വലയുടെ താഴത്തെ കോർണറിലേക്ക് തട്ടിയിട്ട് സ്കോർ 1-1 എന്ന നിലയിലാക്കി.
രണ്ടാം പകുതിയിൽ മത്സരം കൂടുതൽ വാശിയേറിയതായി. കളിയുടെ നിർണ്ണായക നിമിഷം 58-ാം മിനിറ്റിലായിരുന്നു. സോങ് യുയി-യോങ് സിംഗപ്പൂരിനായി വീണ്ടും ഗോൾ നേടി, അവരെ 2-1ന് മുന്നിലെത്തിച്ചു. തുടർന്ന് സമനില ഗോളിനായി ഇന്ത്യ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ തോൽവിയോടെ, നാല് മത്സരങ്ങളിൽ നിന്ന് വെറും 2 പോയിന്റുമായി ഇന്ത്യ എഎഫ്‌സി യോഗ്യതാ ഗ്രൂപ്പിൽ ഏറ്റവും താഴെയായി.