ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിന്റെ ഓർമകൾ പുതുക്കി കൊണ്ട് വീണ്ടുമൊരു ഇന്ത്യ – ലെബനൻ നോക്ഔട്ട് പോരാട്ടം. ശനിയാഴ്ച സാഫ് കപ്പിന്റെ സെമി ഫൈനലിൽ ഇരു ടീമുകളും മുഖാമുഖം വരും. ഒരിക്കൽ കൂടി എതിരാളികളെ കീഴടക്കി ഫൈനൽ പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിക്കാനാണ് സ്റ്റിമാക്കിന്റെ ടീമിന്റെ ശ്രമമെങ്കിൽ, ലെബനന് ഇത് മധുരപ്രതികരത്തിനുള്ള കളം കൂടിയാണ്. കണ്ടീരവ സ്റ്റേഡിയത്തിൽ വൈകീട്ട് എഴ് മുപ്പതിന് മത്സരത്തിന് വിസിൽ മുഴങ്ങും.
തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിൽ ആണ് ഇന്ത്യ. അവസാന മത്സരത്തിൽ കുവൈറ്റിനോടും സെൽഫ് ഗോൾ കൊണ്ട് മാത്രമാണ് ടീമിനെ എതിരാളികൾക്ക് സമനിലയിൽ തളക്കാൻ ആയത്. പ്രായം തളർത്താത ഗോളടി യന്ത്രം സുനിൽ ഛേത്രി തന്നെ ഇന്ത്യയുടെ കുന്തമുന. ഉദാന്ത സിങും സഹലും മഹേഷ് സിങും ബിപിനും ക്യാപ്റ്റന് പിറകിൽ അണിനിരക്കും. ടൂർണമെന്റിൽ മാത്രം മൂന്ന് മത്സരങ്ങളിൽ നിന്നും 5 ഗോൾ താരം കുറിച്ചു കഴിഞ്ഞു. കുവൈറ്റിനെതിരായ മത്സരത്തിൽ മേൽകൈ നേടിയത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് കോച്ച് ഐഗോർ സ്റ്റിമാക്ക് ചൂണ്ടിക്കാണിച്ചു.
അതേ സമയം എതിർ ടീം സമ്മർദ്ദം ചെലുതാത്ത സമയങ്ങളിൽ പോലും ഏറ്റവും അനായാസമായ പാസ് നൽകാൻ താരങ്ങൾ ശ്രമിക്കുന്നതാണ് തന്നെ വിഷമിപ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പിന്നീട് പന്ത് നഷ്ടപ്പെടാനും അതോടെ പൊസഷൻ വീണ്ടെടുക്കാനും ടീം കൂടുതൽ ഊർജം നഷ്ടപ്പെടുത്തുന്നതായും കോച്ച് വിലയിരുത്തി. ചുവപ്പ് കാർഡ് കണ്ടതിനാൽ സ്റ്റാന്റിൽ നിന്നാവും സ്റ്റിമാക്ക് മത്സരം വീക്ഷിക്കുക. ആദ്യ ഇലവനിൽ കാര്യമായ പരീക്ഷണങ്ങൾക്ക് സാധ്യതയില്ല. അതേ സമയം മഞ്ഞക്കാർഡ് കാരണം സന്ദേഷ് ജിങ്കനും ഖത്തറിനെതിരെ ചുവപ്പ് കാർഡ് കണ്ട പകരക്കാരൻ സ്‌ട്രൈക്കർ റഹീം അലിയും മത്സരത്തിൽ ഉണ്ടാവില്ല. ഇതിൽ ജിങ്കന്റെ അഭാവം ടീമിനെ എങ്ങനെ ബാധിക്കും എന്നത് കണ്ടറിയേണ്ടതാണ്.
ഒരു ഫൈനൽ മത്സരത്തിൽ എതിരാളികളെ സമീപ കാലത്ത് നേരിടാൻ കഴിഞ്ഞത് ആവും ലെബനന് മുൻതൂക്കം നൽകുന്ന ഘടകം. ഇന്റർ കോണ്ടിനെന്റൽ കപ്പ് കൈവിട്ടെങ്കിലും എതിരാളികളുടെ ഓരോ ശക്തിയും ദൗർബല്യവും മനസിലാക്കാൻ ഇതവരെ സഹായിച്ചിട്ടുണ്ടാവും. ബംഗ്ലാദേശിനെയും ഭൂട്ടാനെയും മാൽദീവ്സിനെയും കീഴടക്കിയാണ് ലെബനൻ സെമിയിലേക്ക് മാർച്ച് ചെയ്തത്.
കരുത്തുറ്റ ഇന്ത്യൻ പ്രതിരോധത്തെ മറികടക്കാൻ ലെബനൻ എന്ത് തന്ത്രങ്ങൾ മെനയും എന്നതാണ് മത്സരത്തിൽ നിർണായകമായേക്കുക. ടൂർണമെന്റിൽ ഇത് വരെ രണ്ടു ഗോളുകൾ വീതം നേടിയ മാതൂക്, ബാദർ എന്നിവരാണ് ശ്രദ്ധിക്കേണ്ട താരങ്ങൾ. അഞ്ചോളം വ്യത്യസ്ത താരങ്ങൾ ടീമിനായി ഗോൾ കണ്ടെത്തി കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. യുവതാരം ദാർവിഷും മത്സരം മാറ്റി മറിക്കാൻ കെൽപ്പുള്ള താരം തന്നെ. മറ്റൊരു ഫൈനൽ പോരാട്ടത്തിന് വാതിൽപ്പടിക്കൽ ഇരു ടീമുകളും നിൽക്കുമ്പോൾ ആവേശോജ്വലമായ പോരാട്ടത്തിന് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.