സാഫ് കപ്പിൽ ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ എതിരാളികൾ കുവൈറ്റ്. കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ചു വരുന്ന ടീമുകളുടെ പോരാട്ടത്തിൽ ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കും. സെമി ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞെങ്കിലും ഫൈനലിലേക്കുള്ള പാത എളുപ്പമാക്കാൻ ജയം ഉപകരിക്കും എന്നതിനാൽ വിട്ടു വീഴ്‌ച്ചക്ക് ടീമുകൾ തയ്യാറാകില്ല. തിങ്കളാഴ്ച വൈകീട്ട് 7.30ന് മത്സരം ആരംഭിക്കും.
തുടർ വിജയങ്ങൾ മാത്രമല്ല ഇരു ടീമുകളും തമ്മിലുള്ള സാമ്യം. ഗോൾ വ്യത്യസത്തിലും ഇന്ത്യയും കുവൈറ്റും ഗ്രൂപ്പിൽ തുല്യ നിലയിലാണ്, 6 ഗോളുകൾ. അതേ സമയം ഇന്ത്യ ടൂർണമെന്റിൽ ഇതു വരെ ഗോൾ വഴങ്ങിയിട്ടില്ല. കരുത്തുറ്റ ഡിഫെൻസ് തന്നെയാണ് ടീമിന്റെ ആത്മവിശ്വാസങ്ങളിൽ ഒന്ന്. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നിലനിർത്താൻ ടീമിനായി. 12 മത്സരങ്ങളിൽ തോൽവിയും നേരിട്ടിട്ടില്ല. 2010ന് ശേഷം ആദ്യമായാണ് ഇന്ത്യയും കുവൈറ്റും മുഖാമുഖം വരുന്നത്.
മുൻനിരയിൽ ഛേത്രി തന്നെ ഇന്ത്യയുടെ കുന്തമുന. എന്നാൽ പരീക്ഷണാർത്ഥം താരത്തിന് വിശ്രമം അനുവദിക്കാൻ സ്റ്റിമാക്ക് തീരുമാനിച്ചാൽ റഹീം അലി മുൻനിരയിലേക്ക് എത്തും. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിൽ നിന്നും ആരംഭിച്ച ചാങ്തെയും ആദ്യ ഇലവനിൽ എത്തിയേക്കും. സഹലും അനിരുദ്ധ് ധാപയും അടങ്ങുന്ന മധ്യനിര കരുത്തുറ്റതാണ്. കുവൈറ്റിനെതിരെ കായികമായും ഇവർക്ക് വെല്ലുവിളി ആയേക്കും മത്സരം. നേപ്പാളിനെതിരെ മേഹ്താബ് സിങും രാഹുൽ ബെകെയുമായിരുന്നു ആയിരുന്നു സെൻട്രൽ ഡിഫെൻസിൽ എത്തിയിരുന്നത്. കുവൈറ്റിനെതിരെ സന്ദേശ് ജിങ്കനെ കോച്ച് കളത്തിൽ ഇറക്കിയേക്കും. നേപ്പാളിനെതിരെ തുടക്കത്തിൽ വിയർത്ത ഇന്ത്യൻ മുന്നേറ്റത്തിന് നോക് ഔട്ട് മത്സരങ്ങൾക്ക് മുൻപ് ശരിക്കുമൊരു ബലപരീക്ഷണം ആവും ഇന്ന്. ഗോൾ കണ്ടെത്താൻ ഛേത്രിയെ തന്നെ അമിതമായി ആശ്രയിക്കുന്നതിൽ നിന്നും ഇന്ത്യ മറ്റു വഴികൾ തേടേണ്ടതുണ്ട്.
ഇത്തവണ സാഫ് കപ്പിലേക്ക് അതിഥികളായെത്തിയ ടീമാണ് കുവൈറ്റ്. മുൻപ് മൂന്ന് തവണ ഇന്ത്യയെ എതിരിട്ടപ്പോൾ രണ്ടു വിജയവും ഒരു തോൽവിയും ആണ് ഇവരുടെ സമ്പാദ്യം. ഇത്തവണ ടൂർണമെന്റിൽ ഗംഭീര പ്രകടനം ആണ് ടീമിന്റെത്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് സെമി ഉറപ്പിച്ച ടീം, ഈ വർഷം തകർപ്പൻ റിസൾട്ടുകൾ ആണ് നേടിയിട്ടുള്ളത്. ഗൾഫ് കപ്പിൽ ഖത്തറിനോട് വീണെങ്കിലും യുഎഇയെ വീഴ്ത്താനും ബഹ്‌റൈനെ സമനിലയിൽ തളക്കാനും സാധിച്ചു. പിന്നീട് ഫിലിപ്പീൻ, താജികിസ്ഥാൻ, സാമ്പിയ തുടയവരെയും കഴിഞ്ഞ മാസങ്ങളിൽ വീഴ്ത്തിയ ശേഷമാണ് കുവൈറ്റ് സാഫ് കപ്പിലേക്ക് എത്തുന്നത്. മത്സരത്തിന് മുൻപുള്ള വാർത്താ സമ്മേളനത്തിലും കുവൈറ്റ് കോച്ച് ചൂണ്ടിക്കാണിച്ചത് ഈ കഠിനമായ മത്സരങ്ങൾ തന്നെ. പന്തിന്മേൽ കൂടുതൽ ആധിപത്യം നേടാൻ ശ്രമിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചും. പാകിസ്ഥാനെതിരെ ഇരട്ട ഗോൾ നേടിയ മുബാറക്ക് അൽ ഫനെനിയാണ് ഇന്ത്യ സൂക്ഷിക്കേണ്ട ഒരു താരം. സെമിയിൽ താരതമ്യേന ദുർബലരായ എതിരാളികളെ ലഭിക്കാൻ വിജയം തന്നെ ഉന്നമിട്ടാകും ഇരു ടീമുകളും ഇറങ്ങുക. അതേ സമയം പല പ്രമുഖ താരങ്ങൾക്കും വിശ്രമം നൽകാനും കോച്ചുമാർ ശ്രമിച്ചേക്കും.