സാഫ് കപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള അവസരം തുലച്ച് ഇന്ത്യ. ഇന്ന് അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒരു ഇഞ്ച്വറി ടൈം ഗോൾ വഴങ്ങി കൊണ്ട് ഇന്ത്യ കുവൈറ്റിനെതിരെ വിജയം കൈവിടുകയായിരുന്നു. ഇതോടെ കളി 1-1 എന്ന സ്കോറിൽ അവസാനിച്ചു. കോച്ച് സ്റ്റിമാചിന് അടക്കം മൂന്ന് പേർക്കാണ് ഇന്ന് കളിയിൽ ചുവപ്പ് കാർഡ് കിട്ടിയത്. ഇത് അവസാനം ഇന്ത്യയുടെ തന്നെ താളം തെറ്റിക്കുകയായിരുന്നു.
മികച്ച ആദ്യ പകുതിയാണ് ഇന്ന് കാണാൻ ആയത്. ശക്തരായ എതിരാളികൾ ആയിരുന്നിട്ടും ഇന്ത്യ അറ്റാക്ക് ചെയ്ത് കളിക്കാൻ തന്നെയാണ് തുടക്കം മുതൽ തീരുമാനിച്ചത്. ഇന്ത്യയുടെ പ്രസിംഗും പെട്ടെന്നുള്ള നീക്കങ്ങളും കുവൈറ്റ് ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. എന്നാൽ ഫൈനൽ പാസ് വരാത്തതിനാൽ തന്നെ ഗോൾ വൈകി.
മറുവശത്ത് കുവൈറ്റും പന്ത് കിട്ടിയാൽ ആക്രമിക്കാൻ തന്നെയാണ് ശ്രമിച്ചത്. അവർക്ക് ഒരു നല്ല ശ്രമം കിട്ടിയെങ്കിലും അപ്പോൾ അമ്രീന്ദർ സിങ് ഇന്ത്യയുടെ രക്ഷകനായി എത്തി. അത് മാത്രമാണ് കുവൈറ്റിന് സൃഷ്ടിക്കാനായ നല്ല അവസരം.
47ആം മിനുട്ടിൽ ആയിരുന്നു ഛേത്രിയുടെ ഗോൾ. കോർണറിൽ ഒരു ആക്രൊബാറ്റിക് വോളിയിലൂടെ ഛേത്രി വല കണ്ടെത്തുക ആയിരുന്നു. ഇന്ത്യ 1-0 കുവൈറ്റ്. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 92ആം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിലും ഇന്ത്യ അറ്റാക്ക് ചെയ്യുന്നത് തുടർന്നു. ആക്രമണമാണ് മികച്ച പ്രതിരോധം എന്ന് മനസ്സിലാക്കി കളിച്ച ഇന്ത്യ കുവൈറ്റിനെ താളം കണ്ടെത്താൻ അനുവദിച്ചേ ഇല്ല. മത്സരത്തിന്റെ 81ആം മിനുട്ടിൽ പരിശീലകൻ സ്റ്റിമാച് ചുവപ്പ് കണ്ട് പുറത്ത് പോയത് ഇന്ത്യക്ക് നിരാശ നൽകി. ഈ ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് സ്റ്റിമാച് ചുവപ്പ് കാണുന്നത്.
അവസാന നിമിഷങ്ങളിൽ കുവൈറ്റ് അവസരങ്ങൾ സൃഷ്ടിച്ചു. 85ആം മിനുട്ടിൽ അമ്രീന്ദറിന്റെ മറ്റൊരു മികച്ച സേവ് കാണാൻ ആയി. മത്സരത്തിന്റെ 89ആം മിനുട്ടിൽ ഇരുടീമുകളും കയ്യാംകളിയിൽ എത്തി. സഹലിനെ തള്ളിയിട്ടതിന് അൽ ഖലാഫും അതിനെ പ്രതിരോധിച്ച റഹീം അലിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടു ടീമും 10 പേരായി ചുരുങ്ങി. ഈ സംഭവങ്ങൾ എല്ലാം കാരണം 8 മിനുട്ട് ആണ് ഇഞ്ച്വറി ടൈമായി അനുവദിച്ചത്.
ഇഞ്ച്വറി ടൈമിൽ ഒരു സെൽഫ് ഗോൾ ഇന്ത്യക്ക് വിനയായി. ഒരു ക്രോസ് തടയാൻ ശ്രമിക്കവെ അൻവർ അലി സ്വന്തം പോസ്റ്റിലേക്ക് തന്നെ പന്തെത്തിച്ചു. സ്കോർ 1-1.
ഈ സമനിലയീടെ ഇന്ത്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം രണ്ടാമത് അവസാനിപ്പിച്ചു. 7 പോയിന്റ് തന്നെയുള്ള കുവൈറ്റ് ഒന്നാമത് ഫിനിഷ് ചെയ്തു. സെമിയിൽ ആരാകും ഇന്ത്യയുടെ എതിരാളികൾ എന്ന് നാളെയെ അറിയാൻ ആകൂ.