കിംഗ്സ് കപ്പ് സെമി ഫൈനലിൽ ഇന്ത്യയുടെ ചരിത്ര വിജയം തട്ടിയെടുത്ത് റഫറി. ഇറാഖിനെ നേരിട്ട ഇന്ത്യ റഫറിയുടെ തെറ്റായ തീരുമാനങ്ങളോട് പൊരുതി അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു. രണ്ടു പെനാൾട്ടികൾ ആണ് ഇന്ന് റഫറി ഇറാഖിന് നൽകിയത്. ഇതിൽ രണ്ടാമത്തെ പെനാൾട്ടി തീർത്തും തെറ്റായ തീരുമാനം ആയിരുന്നു. നിശ്ചിത സമയത്ത് 2-2 എന്ന് അവസാനിച്ച കളിയിൽ ഷൂട്ടൗട്ടിൽ ഇറാഖ് 5-4ന് ഫൈനൽ ഉറപ്പിച്ചു.
17ആം മിനുട്ടിൽ ഇന്ത്യ ആണ് ലീഡ് എടുത്തത്. സഹൽ അബ്ദുൽ സമദ് നൽകിയ മനോഹരമായ പാസ് മികച്ച രീതിയിൽ മഹേഷ് സിംഗ് ഫിനിഷ് ചെയ്യുകയായിരുന്നു. ഈ ലീഡ് പക്ഷെ അധികനേരം നിന്നില്ല.
10 മിനുട്ടുകൾക്ക് അകം ഇറാഖ് തിരിച്ചടിച്ചു. ജിങ്കന്റെ ഒരു ഹാൻഡ്ബോളിന് കിട്ടിയ പെനാൾട്ടി ആണ് ഇറാഖിന് സഹായകരമായത്. ആ പെനാൾട്ടി അലി കരീം ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1. ആദ്യ പകുതിയിൽ കൂടുതൽ പന്ത് കൈവശം വെച്ചത് ഇറാഖ് ആയിരുന്നു. എങ്കിലും രണ്ടാം ഗോൾ നേടുന്നതിൽ നിന്ന് തടയാൻ ഇന്ത്യക്ക് ആയി.
രണ്ടാം പകുതിയിൽ വിജയ ഗോൾ നേടാൻ ഇന്ത്യ ശ്രമിച്ചു. 51ആം മിനുട്ടിൽ ഇറാഖ് ഗോൾ കീപ്പറുടെ വലിയ പിഴവിൽ നിന്ന് ഇന്ത്യ ലീഡ് തിരിച്ചെടുത്തു. ആകാശ് മിശ്രയുടെ ക്രോസ് കയ്യിൽ ഒതുക്കുന്നതിൽ ഇറാഖ് ഗോൾ കീപ്പർക്ക് വന്ന പിഴവ് ഇന്ത്യയുടെ രണ്ടാം ഗോളായി മാറി. സ്കോർ 2-1
ഇന്ത്യ ചരിത്ര വിജയത്തിലേക്ക് എന്ന് തോന്നിയ സമയത്ത് റഫറി ഒരു പെനാൾട്ടി ഇന്ത്യക്ക് എതിരായി വിധിച്ചു. ഒരു വിധത്തിൽ അത് പെനാൾട്ടി അല്ലായിരുന്നു. ആ പെനാൾട്ടി ഇറാഖ് താരം അയ്മൻ ഖദ്ബൻ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-2. ഇതിനു ശേഷം ഇറാഖ് തുടരെ ആക്രമണങ്ങൾ നടത്തി എങ്കിലും റാങ്കിംഗിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലുള്ള ടീമിനെതിരെ ഇന്ത്യ പിടിച്ചു നിന്നു.
93ആം മിനുട്ടിൽ ഇന്ത്യൻ താരം ബ്രാണ്ടണെ ഫൗൾ ചെയ്തതിന് ഇറാഖ് താരം ഇഖ്ബാൽ ചുവപ്പ് കണ്ട് പുറത്ത് പോയി. ഫുൾടൈം വിസിൽ വന്നപ്പോഴും സ്കോർ 2-2 എന്ന് തുടർന്നു. പിന്നീട് കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് പോയി.
ബ്രാണ്ടൻ എടുത്ത ആദ്യ പെനാൾട്ടി കിക്ക് പോസ്റ്റിന് തട്ടി പുറത്തേക്ക്. ഇറാഖ് അവരുടെ ആദ്യ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. 0-1. ജിങ്കൻ ആണ് രണ്ടാം കിക്ക് എടുത്തത്. അദ്ദേഹം പന്ത് വലയിൽ എത്തിച്ച് ഇന്ത്യക്ക് പ്രതീക്ഷ നൽകി. ഇറാഖിന്റെ രണ്ടാം കിക്കും വലയിൽ. സ്കോർ 2-1. പിന്നാലെ അൻവറും സുരേഷും റഹീമും ഇന്ത്യക്ക് ആയി സ്കോർ ചെയ്തു. പക്ഷെ ഇറാഖിന്റെയും എല്ലാ കിക്കുകളും വലയിൽ. അവർ 5-4ന് വിജയിച്ച് ഫൈനലിലേക്ക്. ഇന്ത്യ ലൂസേഴ്സ് ഫൈനലിൽ കളിക്കും.