ബഹ്റൈനെയും തകർത്ത് ഇന്ത്യൻ യുവനിര മുന്നോട്ട്, ഏഷ്യൻ കപ്പ് യോഗ്യതയ്ക്ക് അടുത്ത്

2020ൽ നടക്കുന്ന അണ്ടർ 16 ഏഷ്യൻ കപ്പിനായുള്ള യോഗ്യത റൗണ്ട് പോരാട്ടത്തിൽ ഇന്ത്യക്ക് മറ്റൊരു വമ്പൻ വിജയം. ഉസ്ബെകിസ്താനിൽ നടക്കുന്ന യോഗ്യത റൗണ്ടിൽ ഇന്ത്യ ഇന്ന് ബഹ്റൈനെയാണ് വൻ മാർജിനിൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ മത്സരത്തിൽ തുർക്ക്മെനിസ്താനെയും എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ ഇന്ത്യ ലീഡ് എടുത്തിരുന്നു. ബ്ലാസ്റ്റേഴ്സ് യുവതാരം യൊയിഹെമ്പയുടെ പാസിൽ നിന്ന് ശ്രീദർത്താണ് ആദ്യ ഗോൾ നേടിയത്. 25ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 28ആം മിനുട്ടിൽ ശീദർത്തിന്റെ രണ്ടാം ഗോൾ പിറന്നു. സ്കോർ 3-0 ആയി. പിന്നെ ഹാഫ് ടൈമിന് തൊട്ടു മുമ്പ് ശുഭോയും ഇന്ത്യക്കായി ഗോൾ നേടി. രണ്ടാം പകുതിയിൽ ശുഭോ തന്നെ ലീഡ് അഞ്ചാക്കി ഉയർത്തി ഗോൾ പട്ടിക പൂർത്തിയാക്കി.

ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഉസ്ബെകിസ്താനെയാണ് ഇന്ത്യൻ നേരിടേണ്ടത്. ഉസ്ബെകിസ്താനെതിരെ ഒരു സമനില എങ്കിലും ലഭിച്ചാൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഏഷ്യൻ കപ്പിന് യോഗ്യത നേടും. മികച്ച നാല് ഗ്രൂപ്പ് റണ്ണേഴ്സ് അപ്പും യോഗ്യത നേടും എന്നതിനാൽ ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത ഏതാണ്ട് ഉറച്ചിരിക്കുകയാണ്.

Previous articleപഞ്ചലിന് സെഞ്ചുറി, സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യക്ക് പരമ്പര
Next articleമെസ്സിയുടെ വിലക്ക് കുറക്കാൻ അർജന്റീന അപ്പീൽ നൽകും