ടർക്കിഷ് വനിതാ കപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ചരിത്ര വിജയം. ഇന്ന് യൂറോപ്യൻ ടീമായ എസ്റ്റോണിയയെ നേരിട്ട ഇന്ത്യ 4-3ന്റെ വിജയമാണ് നേടിയത്. ഈ ജയത്തോടെ ചാവോബ ദേവി പരിശീലിപ്പിച്ച ഇന്ത്യൻ ടീം ചരിത്രം സൃഷ്ടിച്ചു, ഇന്ത്യൻ സീനിയർ വനിതാ ടീം മുമ്പൊരിക്കലും യുവേഫ കോൺഫെഡറേഷനിൽ നിന്നുള്ള ഒരു ടീമിനെ ഔദ്യോഗിക മത്സരത്തിൽ തോൽപ്പിച്ചിട്ടില്ല. ഇതാദ്യമായാണ് ഇങ്ങനെ ഒരു ജയം നേടുന്നത്.
ഇതിനുമുമ്പ് ഇന്ത്യ ബെലാറസ്, യുക്രെയ്ൻ, റൊമാനി എന്നീ യൂറോപ്യൻ രാജ്യങ്ങളെ ഔദ്യോഗിക മത്സരത്തിൽ നേരിട്ടിട്ടുണ്ട് എങ്കിലും ജയിച്ചിരുന്നില്ല തുർക്കിയിലെ അലന്യയിലെ ഗോൾഡ് സിറ്റി സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ 17-ാം മിനിറ്റിൽ മനീഷ കല്യാണ് നേടിയ ഗോളിൽ ആണ് ഇന്ത്യ ലീഡ് നേടിയത്.
32-ാം മിനിറ്റിൽ ലിസ്റ്റെ തമ്മിക്കിൻ്റെ ഗോളിൽ എസ്തോണിയ സമനില പിടിച്ചു. രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ ഇന്ദുമതി കതിരേശനും 79ആം മിനുട്ടിൽ പ്യാരി സാക്‌സയും 81ആം മിനുട്ടിൽ മനീഷയും ഗോൾ നേടിയതോടെ ഇന്ത്യ 4-1ന് മുന്നിൽ എത്തി. വ്ലാഡ കുബസോവ (88′), മാരി ലിസ് ലില്ലെമേ (90′) എന്നിവരിലൂടെ അവസനാം എസ്റ്റോണിയ രണ്ട് ഗോളുകൾ നേടി എങ്കിലും ഇന്ത്യക്ക് ജയം ഉറപ്പിക്കാൻ ആയി.
ഫെബ്രുവരി 24 ശനിയാഴ്ച ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.