കൊൽക്കത്ത: ഐ എഫ് ഷീൽഡിൽ ഗ്രൂപ്പ് ബി യിലെ ആദ്യമത്സരത്തിൽ ഗോകുലം കേരള എഫ് സി മോഹൻ ഇന്ന് ബഗാൻ എസ് ജിയെ നേരിടും. കൊൽക്കത്ത കിശോർ ഭാരതി ക്രിരംഗ്ൽ വൈകീട്ട് 3നു നടക്കുന്ന മത്സരത്തിൽ പുതിയ സ്പാനിഷ് പരിശീലകൻ ജോസ് ഹേവിയക്ക് കീഴിൽ പുതിയ ഒരു ഗോകുലം സ്‌ക്വാഡ് ആണ് കളത്തിലിറങ്ങുന്നത്. ആൽഫ്രഡ് പ്ലാനാസ്, എഡു മാർട്ടിനെസ്, ലൂയിസ് മതിയാസ്, ജുവാൻ കാർലോസ് എന്നിങ്ങനെ സ്പെയിനുകരായ 4 വിദേശതാരങ്ങളുണ്ട് സ്‌ക്വാഡിൽ.

കോഴിക്കോട് സ്വദേശിയും ടീം ഗോൾ കീപ്പറുമായ ഷിബിൻ രാജ് ആണ് ടീം ക്യാപ്റ്റൻ, ടീം മാനേജർ നികിദേഷും കോഴക്കോട്ടുകാരൻ തന്നെ. മധ്യ നിര താരം റിഷാദാണ് ടീം വൈസ് ക്യാപ്റ്റൻ, 9 മലയാളി താരങ്ങളുണ്ട് ടീമിൽ. കൊൽക്കത്ത ക്ലബ്ബായ യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.
“ഇതൊരു വെറുമൊരു മത്സരമായി ഞങ്ങൾ കാണുന്നില്ല, ഇന്ത്യയിൽ ഏറെ പ്രാദാന്യമുള്ള ഈ ടൂർണമെന്റിൽ ചാമ്പ്യൻസ് ആവുക എന്നത് തന്നെയാണ് ലക്‌ഷ്യം. മുൻ കഴിഞ്ഞ ട്രൈനിംഗുകളിൽ നിന്ന് ടീം എവിടെ എത്തി നിൽക്കുന്നുവെന്ന് അറിയാനും ഈ മാച്ച് എന്നെ സഹായിക്കും.”
എന്ന് ടീം ഹെഡ് കോച്ച് ജോസ് ഹേവിയ പറഞ്ഞു. മൂന്നു വര്ഷങ്ങള്ക്കു ശേഷമാണ് ഐ എഫ് എ ഷീൽഡ് വീണ്ടും നടക്കുന്നത്. ഇപ്പോൾ നടക്കുന്നത് 125 ആം എഡിഷനാണ്, 2021 ൽ റിയൽ കാശ്‌മീർ ആണ് അവസാനമായി ടൂർണമെന്റ് ചാമ്പ്യൻസ് ആയത്. ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ആയത് ഈസ്റ്റ് ബംഗാൾ എഫ് സിയാണ് 29 തവണ.