സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: ഇടുക്കിയും ആലപ്പുഴയും സെമിഫൈനലില്‍

Newsroom

Picsart 25 10 18 19 15 02 620
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ തിരുവനന്തപുരം സെമിഫൈനല്‍ കാണാതെ പുറത്ത്. ശനിയാഴ്ച്ച രാവിലെ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടുക്കിയാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ (6-5) തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയത്.

1000293383

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്, ഇരുടീമുകളും അഞ്ച് ഷോട്ടുകളും വലയിലെത്തിച്ചതോടെ വിജയിനിര്‍ണയം സഡന്‍ഡെത്തിലേക്ക് നീങ്ങി. ടൈബ്രേക്കറില്‍ ആദ്യകിക്കെടുത്ത തിരുവനന്തപുരത്തിന്റെ എം.എല്‍ അഭിലാഷിന് ലക്ഷ്യം കാണാനായില്ല. പന്ത് ബാറിന് മുകളില്‍ പറന്നു. പിന്നാലെ ഗോളിയെ നിസഹായനാക്കിയ ഷോട്ടില്‍ ക്യാപ്റ്റന്‍ മുഹമ്മദ് മാഹിന്‍ കെ.എസ് ഇടുക്കിക്ക് സെമിഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കുകയും ചെയ്തു.

വൈകിട്ട് നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ കണ്ണൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആലപ്പുഴയും സെമിഫൈനലില്‍ പ്രവേശിച്ചു. 23ാം മിനിറ്റില്‍ ടി.അക്ഷയ് നേടിയ ഗോളില്‍ ലീഡെടുത്ത ശേഷമായിരുന്നു കണ്ണൂരിന്റെ തോല്‍വി. 64ാം മിനിറ്റില്‍ പകരതാരം കെ.പി അതീന്ദന്‍ ആലപ്പുഴയെ ഒപ്പമെത്തിച്ചു. സമനില ഗോളില്‍ കരുത്ത് നേടിയ ആലപ്പുഴയെ 73ാം മിനിറ്റില്‍ ആദില്‍ അഷ്‌റഫ് മുന്നിലെത്തിച്ചു. കണ്ണൂര്‍ ഒപ്പമെത്താന്‍ അവസാനമിനിറ്റ് വരെ പൊരുതിയെങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെ അധികസമയത്ത് യദുകൃഷ്ണ നേടിയ ഗോളില്‍ ആലപ്പുഴ പട്ടിക പൂര്‍ത്തിയാക്കി ആധികാരിക ജയം ഉറപ്പാക്കി. ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ആദ്യസെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോട്ടയം, തൃശൂരിനെ നേരിടും. നാളെ വൈകിട്ട് 3ന് ഇടുക്കിയും ആലപ്പുഴയും തമ്മിലാണ് രണ്ടാം സെമിഫൈനല്‍. 21നാണ് കലാശക്കളി.

Image Caption

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരവും ഇടുക്കിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്ന്