അവസാന ഇരുപത് മിനിറ്റിനുള്ളിൽ നേടിയ മൂന്ന് ഗോളുകളിൽ സുദേവ ഡൽഹിയുടെ അട്ടിമറി പ്രതീക്ഷകൾ കെടുത്തി കൊണ്ട് ഒന്നാം സ്ഥാനത്ത് മൂന്ന് പോയിന്റ് ലീഡ് ഉയർത്തി ശ്രീനിധി ഡെക്കാൻ. ഭൂരിഭാഗം സമയവും ലീഡ് കൈവശം വെച്ചു സീസണിലെ മൂന്നാമത്തെ മാത്രം ജയം സ്വപ്നം കണ്ട സുദേവക്ക് പക്ഷേ മത്സരത്തിൽ മുഴുവനും ഒരേ ആവേശം കാണിക്കാൻ ആയില്ല. കസ്റ്റാന്യെഡയും ഓഗാനയും ശ്രീനിധിക്കായി ഗോളുകൾ കണ്ടെത്തി. സുദേവക്ക് വേണ്ടി ബിയക്ടീയാണ് വല കുലുക്കിയത്.
ആദ്യ പകുതിയിലാണ് സുദേവ ഗോൾ കണ്ടെത്തിയത്. എതിർ പ്രതിരോധത്തെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു മുന്നേറിയ ബിയക്ടീ തൊടുത്ത ഷോട്ട് തടയാൻ ഗോൾ കീപ്പർ ഉബൈദിനും സാധിച്ചില്ല. ഉബൈദിന്റെ സേവുകൾ ആണ് കൂടുതൽ ഗോൾ വഴങ്ങാതെ ആദ്യ പകുതിയിൽ ശ്രീനിധിയെ കാത്തത്. ജീവൻമരണ പോരാട്ടത്തിന്റെ രണ്ടാം പകുതിയിൽ ശ്രീനിധി കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. 64 ആം മിനിറ്റിൽ ലൂയിസ് ഓഗാന കളത്തിൽ എത്തിയതോടെ അവർക്ക് കൂടുതൽ ചടുലത ലഭിച്ചു. 71 ആം മിനിറ്റിൽ ശ്രീനിധി സമനില ഗോൾ നേടി. അശ്റഫ് അലിയുടെ ക്രോസിൽ ഹെഡർ ഉതിർത്ത് കസ്റ്റാന്യെഡയാണ് വല കുലുക്കിയത്. 81ആം മിനിറ്റിൽ ഓഗാന ടീമിന് ലീഡ് സമ്മാനിച്ചു. റോമാവിയയുടെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. എൺപതിയൊൻപതാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്നുള്ള ഗംഭീര ഫിനിഷിങിലൂടെ ഓഗാന ടീമിന്റെ വിജയം ഉറപ്പിച്ചു.