ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ നീട്ടുകയോ, വേറെ വേദിയിലേക്ക് മാറ്റിവെക്കുകയോ വേണമെന്ന് മിനേർവ പഞ്ചാബും ഈസ്റ്റ് ബംഗാളും എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടു. നാളെയാണ് മിനേർവ പഞ്ചാബ് റിയൽ കാശ്മീരുമായി കളിക്കേണ്ടത്. ഇത്ര വലിയ ആക്രമണം നടന്ന സ്ഥിതിക്ക് മത്സരം മാറ്റിവെക്കുന്നത് പരിഗണിക്കണം എന്നാണ് മിനേർവ ആവശ്യപ്പെട്ടിരിക്കുന്നത്. താരങ്ങളുടെ സുരക്ഷയും ജവാന്മാരോടുള്ള ബഹുമാനവും കണക്കിൽ എടുത്താണ് മിനേർവ കളി മാറ്റാൻ പറഞ്ഞത്.
എന്നാൽ ശ്രീനഗറിൽ യാതൊരു പ്രശ്നവും ഇല്ല എന്നും കളി നടക്കാനുള്ള എല്ലാ സുരക്ഷയും പോലീസ് നൽകുമെന്നും മാച്ച് കമ്മീഷ്ണർ അറിയിച്ചു. റിയൽ കാശ്മീരിന്റെ ഹോം മത്സരങ്ങൾ മുൻ നിശ്ചയിച്ച ദിവസങ്ങളിൽ തന്നെ നടക്കും എന്നും എ ഐ എഫ് എഫ് അറിയിച്ചു. എന്നാൽ ഇപ്പോഴും തങ്ങൾ കളി മാറ്റിവെക്കുമെന്ന പ്രതീക്ഷയിലാണ് എന്നാണ് മിനേർവയും ഈസ്റ്റ് ബംഗാളും പറയുന്നത്.
എ ഐ എഫ് എഫ് ആവശ്യപ്പെട്ടിട്ടും കളിക്കാൻ തയ്യാറായില്ല എങ്കിലും ഇരുടീമുകൾക്കും മൂന്ന് പോയന്റ് നഷ്ടപ്പെടുകയും പിഴ ലഭിക്കുകയും ചെയ്യും. ഈസ്റ്റ് ബംഗാളിന് കിരീട പ്രതീക്ഷ ഉള്ളത് കൊണ്ട് കാശ്മീരിനെതിരെ കളിക്കാതെ ഇരിക്കാൻ സാധിക്കുകയുമില്ല.