ട്രാവു എഫ്സിയെ വീഴ്ത്തി ശ്രീനിധി ഡെക്കാൻ മുന്നേറ്റം

Nihal Basheer

ഐ ലീഗിൽ ശ്രീനിധി ഡെക്കാന് തുടർച്ചയായ രണ്ടാം വിജയം. സ്വന്തം തട്ടകത്തിൽ ട്രാവു എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ശ്രീനിധി, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. ട്രാവു നാലമതാണ്. അടുത്ത മത്സരത്തിൽ ശ്രീനിധി ഗോകുലത്തെയും ട്രാവു മുഹമ്മദൻസിനെയും ആണ് നേരിടേണ്ടത്. ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോൽവിയോടെ തുടങ്ങേണ്ടി വന്ന ശ്രീനിധിക്ക് തുടർ വിജയങ്ങൾ താളം വീണ്ടെടുക്കാൻ സഹായകമാകും.

20221124 174322

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഇരു ടീമുകൾക്കും കുറഞ്ഞ അവസരങ്ങൾ മാത്രമേ സൃഷ്ടിച്ചെടുക്കാൻ ആയുള്ളൂ. എങ്കിലും ആർക്കും ലക്ഷ്യത്തിൽ എത്താൻ ആയില്ല. മത്സരത്തിൽ ശ്രീനിധി ഡെക്കാൻ പതിനാറോളം ഷോട്ടുകൾ ഉതിർത്തപ്പോൾ അതിന്റെ നാലിലൊന്ന് മാത്രമേ ട്രാവുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായുള്ളൂ. എങ്കിലും പന്ത് കൈവശം വെക്കുന്നതിൽ ട്രാവു പലപ്പോഴും മുന്നിട്ടു നിന്നു. നാല്പത്തിയൊന്നാം മിനിറ്റിൽ കൊളമ്പിയൻ താരം ഡേവിഡ് മുന്യോസ് ആണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ നേടിയത്.

ഡേവിഡ് തൊടുത്ത ഫ്രീകിക്ക് കീപ്പർക്ക് ഒരവസരവും നൽകാതെ വലയിൽ പതിച്ചു. രണ്ടാം പകുതിയിൽ സമനില ഗോളിനായി ട്രാവുവും ലീഡ് വർധിപ്പിക്കാൻ ശ്രീനിധിയും കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.