ഗോകുലത്തിന്റെ സഹപരിശീലകനായ സതീവൻ ബാലൻ ഗോകുലം വിടുന്നു. കേരളത്തിന്റെ നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ച് കഴിഞ്ഞ വർഷം കേരളത്തെ സന്തോഷ ട്രോഫി ചാമ്പ്യന്മാരാക്കിയ പരിശീലകൻ ആണ് സതീവൻ ബാലൻ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗോകുലത്തിൽ ബിനോ ജോർജ്ജിന്റെ സഹപരിശീലകനായിരുന്നു സതീവൻ ബാലൻ.
കേരള ഫുട്ബോളിലെ യുവതലമുറയെ നന്നായി അറിയുന്ന സതീവൻ ബാലനെ നിയമിച്ച് കൂടുതൽ മലയാളി ടാലന്റുകളെ വളർത്തി കൊണ്ടുവരാൻ ആയിരുന്നു ഗോകുലത്തിന്റെ ശ്രമം. എന്നാൽ കേരള സ്പോർട്സ് കൗൺസിൽ തിരിച്ചു വിളിച്ചതിനാൽ ആണ് സതീവൻ ബാലന് ഇപ്പോൾ ക്ലബ് വിടേണ്ട അവസ്ഥ വന്നിരിക്കുന്നത്. സ്പോർട്സ് കൗൺസിലിൽ നിന്ന് ആറു മാസത്തെ അവധി എടുത്തായിരുന്നു സതീവൻ ബാലൻ ഗോകുലത്തിൽ എത്തിയത്. അവധി നീട്ടികൊടുക്കുമോ എന്നത് ഇനിയും വ്യക്തമല്ല. സതീവൻ ബാലൻ ക്ലബ് വിടാനാണ് കൂടുതൽ സാധ്യത എന്ന് ക്ലബുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
കാലികറ്റ് യൂണിവേഴ്സിറ്റിയെ ദേശീയ മൂന്ന് വട്ടം അഖിലേന്ത്യാ ചാമ്പ്യന്മാരാക്കിയ കോച്ച് കൂടിയാണ് ഇദ്ദേഹം. മുമ്പ് ദേശീയ ടീമിലെ പരിശീലക സംഘത്തിന്റെ ഭാഗവുമായിട്ടുണ്ട് സതീവൻ ബാലൻ.