അരീക്കോട്: മലപ്പുറം ജില്ലയിൽ നിന്ന് ഏറ്റവും ചെറുപ്പത്തിലേ പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് കാലുറപ്പിച്ച് ഇന്ത്യൻ ദേശീയ ടീമിൽ വരെ ഇടം നേടിയിട്ടുള്ള ശഹബാസ് സലീൽ മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗോകുലം കേരളാ എഫ്.സി യിലൂടെ വീണ്ടും ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോളിൽ കാലുറപ്പിയ്ക്കാനായി തിരിച്ചു വരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ ടാറ്റാ ഫുട്ബോൾ അക്കാദമിയിലെ പരിശീലനത്തിലൂടെ തെളിഞ്ഞ തന്നിലെ ഉജ്ജ്വല പ്രതിഭ ഉയർത്തി ശഹബാസ് സലീൽ വിവാ കേരളാ, ഒ.എൻ.ജി.സി, ചിരാഗ് യുണൈറ്റഡ്, കെ.എസ്.ഇ.ബി, ക്വോർട്സ് എഫ്.സി, പൂനെ ഭാരത് എഫ്.സി തുടങ്ങി ഇന്ത്യയിലെ നിരവധി വലുതും ചെറുതുമായ പ്രൊഫഷണൽ ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ദേശീയ അണ്ടർ-19, അണ്ടർ-23 ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് തിളങ്ങി നീങ്ങുന്നതിനിടെ, പൊടുന്നനെ തന്റെ സഹോദരിയ്ക്ക് വന്ന രോഗാവസ്ഥയിൽ മനം നൊന്ത് സജീവ ഫുട്ബോൾ രംഗത്ത് നിന്നും രണ്ട് വർഷത്തോളമായി അകന്ന് നിൽക്കുകയായിരുന്നു ശഹബാസ് സലീൽ. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശഹബാസിനെയും, ശഹബാസിൽ വറ്റാതെ കിടയ്ക്കുന്ന ഉജ്ജ്വല ഫുട്ബോളിനെയും സ്നേഹിയ്ക്കുന്ന നാട്ടുകാരുടെയും, നിർബന്ധത്തിന് വഴങ്ങി മൂന്നു മാസത്തോളമായി അരീക്കോട് കഠിന പരിശീലനം നടത്തി വരുന്നതിനിടയിലാണ് നിലവിൽ കേരളാ ക്ലബ്ബ് ചാമ്പ്യൻമാരും ഐ.ലീഗിൽ കേരളത്തിന്റെ ഏക പ്രാതിനിധ്യവുമായ ഗോകുലം കേരളാ എഫ്.സി എത്തുന്നത്. ഇന്നും ഐ.ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ വേട്ടക്കാരനുള്ള ഇതുവരെ ഭേദിക്കപ്പെടാത്ത റെക്കോർഡിനുടമ കൂടിയായി തുടരുന്ന ഈ താരത്തിന്റെ ഇപ്പോഴത്തെ കഴിവിലും ശാരീരിക ക്ഷമതയിലും ഏറെ സംതൃപ്തി അറിയിച്ചു കൊണ്ടാണ് ക്ലബ് അടുത്ത രണ്ട് വർഷത്തേക്ക് തങ്ങളുടെ നിരയിലേക്ക് ക്ഷണിച്ച് കരാറിൽ ഒപ്പു വച്ചിട്ടുള്ളത്.