ഐ ലീഗ് സീസണിൽ റിയൽ കശ്മീർ കുതിപ്പ് തുടരുന്നു. ശ്രീനഗറിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രാവുവിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ആതിഥേയർ സീസണിലെ നാലാം വിജയം കുറിച്ചു. നോസിം, യാകുബു വദുദു, മൊറോ ലാമിനെ എന്നിവർ ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ കൊമ്രോൺ തുർസുനോവ്, ജോൺസൻ സിങ് എന്നിവരാണ് ട്രാവുവിന് വേണ്ടി വല കുലുക്കിയത്. വിജയത്തോടെ റിയൽ കശ്മീർ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ട്രാവു എട്ടാമതാണ്.
ശ്രീനഗറിൽ റിയൽ കശ്മീരിനെ ഞെട്ടിച്ച് കൊണ്ട് ട്രാവു ആണ് ആദ്യം ലീഡ് എടുത്തത്. ഫ്രീകിക്ക് എടുത്ത കോമ്രോൺ സമർഥമായി പന്ത് വലയിൽ എത്തിച്ചു. എന്നാൽ ട്രാവുവിന്റെ ആഹ്ലാദത്തിന് നാല് മിനിറ്റ് മാത്രമായിരുന്നു ആയുസ്. നോസിം ആണ് സമനില ഗോൾ നേടിയത്. നാല്പത്തിയഞ്ചാം മിനിറ്റിൽ ട്രാവു ലീഡ് തിരിച്ചു പിടിച്ചു. ജോൺസൻ സിങിന്റെ ഗോളിൽ രണ്ടാം പകുതി ഒരു ഗോൾ ലീഡോടെയാണ് ട്രാവു ആരംഭിച്ചത്. അൻപത്തിയേഴാം മിനിറ്റിൽ യാകുബു വദുദുവിന്റെ മികവിൽ ഒരിക്കൽ കൂടി റിയൽ കശ്മീർ മത്സരത്തിൽ സമനില പിടിച്ചു.
അറുപതിനാലാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന എത്തി. ക്യാപ്റ്റൻ മൊറോ ലാമിനെ ബോക്സിന് പുറത്തു നിന്നും തൊടുത്ത ഒന്നാന്തരമൊരു ഷോട്ട് ആണ് റിയൽ കശ്മീരിന് നിർണയക ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയിൽ ആതിഥേയർക്ക് മേൽ നേടിയ ആധിപത്യം തുടരാനാവാതെ പോയതോടെ ട്രാവു, റിയൽ കാശമീറിന് മുന്നിൽ മത്സരം അടിയറവ് വെച്ചു.