ഇന്ന് ഇന്ത്യൻ ആരോസുമായുള്ള മത്സരം റിയൽ കാശ്മീരിന് നിർണായക മത്സരമായിരുന്നു. വിജയത്തിൽ കുറഞ്ഞതൊന്നും കാശ്മീരിനെ തൃപ്തിപ്പെടുത്തില്ലായിരുന്നു. 89ആം മിനുട്ടിൽ റോബേർട്സ്ന്റെ ഗോളിൽ 2-1ന് മുന്നിൽ എത്തിയപ്പോൾ തങ്ങൾ പൊരുതി ഒരു വിജയം നേടി എന്നൊരു സന്തോഷം കാശ്മീർ താരങ്ങളുടെ മുഖത്ത് വിരിഞ്ഞു. പക്ഷെ എല്ലാത്തിനും ഒരു മിനുട്ടിന്റെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. മലയാളി താരം രാഹുൽ കെ പിയുടെ ഒരു കിടിലൻ ഹെഡറിൽ കാശ്മീർ ഡിഫൻസ് വീണു. വിജയം സമനിലയായും മാറി.
കളിയുടെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ആദ്യം അമർജിത് 76ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ഗോൾ നേടി. അതുവരെ തളർന്ന പോലെ കളിച്ച റിയൽ കാശ്മീരിന് അതിനു ശേഷം ഊർജ്ജം വന്നു. കോഫിയും റോബേർട്സണും ഒന്നിനു പിറകെ ഒന്നായി ഗോളടിച്ച് 2-1 89ആം മിനുട്ടിലേക്ക് കളി കാശ്മീരിന്റെ വരുതിയിൽ ആക്കിയതായിരുന്നു. അപ്പോഴാണ് രാഹുൽ കാശ്മീരിന് വില്ലനായി എത്തി സമനില നേടിയത്.
ഈ സമനില ചെന്നൈ സിറ്റിയുമായുള്ള കാശ്മീരിന്റെ പോയന്റ് വ്യത്യാസം നാലാക്കി ഉയർത്തി. ഇനി വെറും മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ ചെന്നൈ സിറ്റിയെ മറികടന്ന് കിരീടം നേടുക കാശ്മീരിന് എളുപ്പമുള്ള കാര്യമായിരിക്കില്ല.