പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്നതും സ്വപ്നം കണ്ടിറങ്ങിയ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ ആവേശ സമനിലയിൽ തളച്ച് രാജസ്ഥാൻ യുണൈറ്റഡ്. പഞ്ചാബിന്റെ തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിഞ്ഞു. പോയിന്റ് പട്ടികയിൽ പഞ്ചാബ് മൂന്നാം സ്ഥാനത്ത് തുടർന്നപ്പോൾ രാജസ്ഥാൻ ആറാം സ്ഥാനത്താണ്. ഇതോടെ ഇന്നലെ റിയൽ കാശ്മീരും ഗോകുലവും സമനിലയിൽ പിരിഞ്ഞത് മുതലെടുക്കാൻ സാധിക്കാതെ പോയതിന്റെ നിരാശയിൽ ആവും പഞ്ചാബ്. ഗോകുലം, റിയൽ കശ്മീർ, പഞ്ചാബ് എന്നിവർക്ക് ഏഴ് പോയിന്റ് വീതമാണ് ഉള്ളത്.
മത്സരം ആരംഭിച്ചു പതിമൂന്നാം മിനിറ്റിൽ തന്നെ ആതിഥേയർ ഗോൾ കണ്ടെത്തി. കോർണറിലൂടെ എത്തിയ ബോൾ ബോക്സിന് പുറത്തു നിന്നും മുന്നേറ്റ താരം ഡാനിയൽ മികച്ചൊരു വോളിയിലൂടെ പോസ്റ്റിലെത്തിച്ചു. തുടർന്ന് സമനിലക്കായി രാജസ്ഥാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാൻ ആയില്ല. ലൂക്കയുടെ മികച്ചൊരു ഷോട്ട് തടുത്ത രാജസ്ഥാൻ കീപ്പർ റഫീഖ് ടീമിന്റെ രക്ഷകനായി. ആദ്യ പകുതിക്ക് തൊട്ടു മുൻപ് ഡാനിയലിന് വീണ്ടും ഗോൾ നേടാനുള്ള അവസരം കൈവന്നെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് വഴിമാറി. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച കളി തന്നെ കെട്ടഴിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ ആദ്യ മിമിറ്റിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിന്റെ ഹൃദയം തകർത്ത ഗോൾ എത്തി. ബോക്സിന് പുറത്തു നിന്നും നികും തൊടുത്ത ലോങ്റേഞ്ചർ ആണ് രാജസ്ഥാന്റെ രക്ഷക്കെത്തിയത്.