ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധികൾ അവസാനിപ്പിക്കാൻ ഐലീഗ് ക്ലബുകളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന എ ഐ എഫ് എഫിന്റെ ഉറപ്പ് അടുത്ത കാലത്ത് ഒന്നും നടന്നേക്കില്ല. ഏപ്രിൽ 10നും 15നും ഇടയിൽ ചർച്ച നടത്തുമെന്നായിരുന്നു നേരത്തെ എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ പറഞ്ഞിരുന്നത്. എന്നാൽ ആ ചർച്ച ഇപ്പോൾ നടത്താൻ പറ്റില്ല എന്നും പിന്നീട് നോക്കാം എന്നും ആണ് പ്രഫുൽ പട്ടേലിന്റെ പുതിയ നിലപാട്. തിരഞ്ഞെടുപ്പ് കാര്യങ്ങളുമായി താൻ തിരക്കിലാണെന്നും പ്രഫുൽ പട്ടേൽ പറയുന്നു.
നേരത്തെ സൂപ്പർ കപ്പിൽ ഐ ലീഗ് ക്ലബുകൾ കളിക്കാതിരുന്നതോടെ ആയിരുന്നു പ്രഫുൽ പട്ടേൽ ചർച്ചയ്ക്ക് തയ്യാറായത്. അന്ന് പ്രഫുൽ പട്ടേലിന്റെ നിലപാടിനെ ഐലീഗ് ക്ലബുകൾ സ്വാഗതം ചെയ്തിരുന്നു. എന്നാൽ ചർച്ചയ്ക്ക് സമ്മതിച്ചതിനാൽ ഇനി സൂപ്പർ കപ്പിൽ പങ്കെടുക്കണമെന്ന് അന്ന് അദ്ദേഹം ഐലീഗ് ക്ലബുകളോട് ആവശ്യപ്പെട്ടിരുന്നു. അതിനി ബഹുഭൂരിഭാഗം ക്ലബുകളും തയ്യാറായിരുന്നില്ല. ഇതിൽ എ ഐ എഫ് എഫ് അവരുടെ അതൃപ്തി അറിയിച്ചിരുന്നു. ക്ലബുകൾക്ക് എതിരെ നടപടി ഉണ്ടാകും എന്നും എ ഐ എഫ് എഫ് അറിയിച്ചിരുന്നു. ഇനി ഐ ലീഗ് ക്ലബുകളുമായുള്ള ചർച്ച നടക്കുമോ എന്ന് ഉറപ്പില്ലാതെ ആയതോടെ ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധി ഇനിയും തുടരുമെന്ന് ഉറപ്പായി.