നെരോക്കയെ മറികടന്ന് രാജസ്ഥാൻ യുണൈറ്റഡ്

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നേരോക്കയെ വീഴ്ത്തി രാജസ്ഥാൻ യുണൈറ്റഡ് വിജയം നേടി. അംബേദ്കർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആതിഥേയർ വിജയം കണ്ടത്. ഇതോടെ പോയിന്റ് പട്ടികയിൽ നാലാമത്തെത്താനും അവർക്കായി. രാജസ്ഥാന്റെ തുടർച്ചായി രണ്ടാം വിജയം ആണിത്. നെരോക്ക ഏഴാമത് തുടരുകയാണ്. അയ്ദാർ മാമ്പറ്റലീവ് ആണ് രാജസ്ഥാന്റെ ഗോൾ നേടിയത്.

ആർക്കും മുൻ തൂക്കമില്ലാതെയാണ് മത്സരത്തിന്റെ ആദ്യ മിനിറ്റുകൾ കടന്ന് പോയത്. ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാൻ ഇരു ടീമുകളും മടിച്ചു. മുപ്പത്തിയെട്ടാം മിനിറ്റിൽ മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ എത്തി. കിർഗിസ്ഥാൻ താരം അയ്ദാറിന്റെ ഗോൾ ആതിഥേയരെ മുന്നിൽ എത്തിച്ചു. പതിമൂന്നോളം തവണ ഷോട്ട് ഉതിർത്ത രാജസ്ഥാന്റെ ഒരേയൊരു ഷോട്ട് ആണ് ലക്ഷ്യത്തിന് നേരെ എത്തിയത്. സമനില നേടാനുള്ള നെരോക്കയുടെ ശ്രമങ്ങൾക്ക് രാജസ്ഥാൻ കീപ്പർ അലി സർദാർ വിലങ്ങു തടിയായി. വിജയികളുടെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ബെയ്ട്ടിയ ആണ് പ്ലെയർ ഓഫ് ദ് മാച്ച്.

സമനില കുരുക്കിൽ ചർച്ചിലും ഐസാളും

സീസണിലെ ആദ്യ വിജയത്തിൽ കണ്ണ് നട്ട് ഇറങ്ങിയ ചർച്ചിൽ ബ്രദേഴ്‌സിനെ സമനിലയിൽ തളച്ച് ഐസാൾ എഫ്സി. മത്സരത്തിന്റെ തുടക്കത്തിൽ നേടിയ ഗോളിൽ വിജയം കാണാമെന്ന് കണക്ക് കൂട്ടിയ ആതിഥേയർക്ക് മുകളിൽ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് ഐസാൾ സമനില കുരുക്ക് മുറുക്കിയത്. ഇതോടെ ചർച്ചിൽ പോയിന്റ് പട്ടികയിൽ പതിനൊന്നാമത് തുടരുകയാണ്. ഐസാൾ എട്ടാം സ്ഥാനത്തേക്ക് കയറി.

തിലക് മൈതാനത്ത് നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ഗോൾ കണ്ടെത്താൻ ചർച്ചിലിനായി. ഒമോമയുടെ ഹെഡറിലൂടെ എത്തിയ ബോൾ പോനിഫ് വാസ് ഹെഡർ ചെയ്തിട്ടപ്പോൾ കമോ ബായിക്ക് വലയിലേക്ക് തള്ളി വിടേണ്ട ചുമതലയെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഡൗങ്റ്റിയുടെ മികച്ചൊരു ശ്രമം ചർച്ചിൽ കീപ്പർ ആൽബിനോ ഗോമസ് രക്ഷപ്പെടുത്തി. ആദ്യ പകുതിയിൽ ലീഡ് ഉയർത്താൻ ചർച്ചിൽ പരമാവധി ശ്രമിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കമോയുടെ ശ്രമം ഐസാൾ കീപ്പർ വിക്രം സിങ് ആയസപ്പെട്ട് തട്ടിയകറ്റി.

പിന്നീട് സമനില ഗോളിനായി ഐസാൽ ആക്രമണം കടുപ്പിച്ചു. എഴുപത്തിയഞ്ചാം മിനിറ്റിൽ കാത്തിരുന്ന ഗോൾ എത്തി. അഡിങയുടെ ക്രോസിൽ നിന്നും തലവെച്ച് ഹെൻറി കിസെക്കയാണ് നിർണായക ഗോൾ നേടിയത്. മുഴുവൻ സമയത്തിന്റെ ഇഞ്ചുറി ടൈമിൽ ഐസാൾ വിജയ ഗോളിന് അടുത്തെത്തി എങ്കിലും ആൽബിനോ ഗോമസ് ഒരിക്കൽ കൂടി ചർച്ചിലിന്റെ രക്ഷക്കെത്തി.

ഹൈദരാബാദിൽ ഗോൾ മഴ; സൂപ്പർ സബ് ആയി കസ്റ്റാന്യെഡ, ഏഴു ഗോൾ ത്രില്ലറിൽ ശ്രീനിധി ഡെക്കാൻ

ഐ ലീഗിൽ ഗോൾ മഴ പെയ്ത മത്സരത്തിൽ മുഹമ്മദൻ സ്പോർട്ടിങ്ങിനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തി ശ്രീനിധി ഡെക്കാൻ വിജയം നേടി. രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് ഗോൾ വീണതടക്കം മികച്ച നിമിഷങ്ങൾ സാക്ഷിയായ മത്സരത്തിൽ തുടക്കത്തിൽ പിറകിൽ നിന്ന ശേഷമാണ് ശ്രീനിധി നിർണായക വിജയം പൊരുതി നേടിയത്. അവരുടെ തുടർച്ചയായ നാലാം വിജയം കൂടിയാണ് ഇത്. മലയാളി താരം ഫസലുറഹ്മാൻ ഒരിക്കൽ കൂടി ഗോൾ കണ്ടെത്തി എങ്കിലും മുഹമ്മദൻസിന്റെ തോൽവി ഒഴിവാക്കാൻ ആയില്ല. ശ്രീനിധി രണ്ടാമതും മുഹമ്മദൻസ് ആറാമതും ആണ് പോയിന്റ് പട്ടികയിൽ ഉള്ളത്.

ഹൈദരാബാദിൽ ആദ്യ മിനിറ്റുകളിൽ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ഇരുപതിയാറാം മിനിറ്റിൽ സെർബിയൻ താരം നിക്കോള സ്റ്റോയനോവിച്ചിന്റെ ഇടംകാലൻ ഷോട്ടിൽ മുഹമ്മദൻസ് ആദ്യ ഗോൾ നേടി. മുപ്പത്തിനാലാം മിനിറ്റിൽ ഫസലുറഹ്മാന്റെ ഗോളിൽ സന്ദർശകർ ലീഡ് ഉയർത്തി. ആദ്യ പകുതി അവസാനിക്കാൻ ഇരിക്കെ ശ്രീനിധി ആദ്യമായി മത്സരത്തിലേക്ക് തിരിച്ചു വരുന്ന സൂചനകൾ നൽകി. ഫയ്സൽ ഷയെസ്തെയുടെ ഫ്രീകിക്ക് തടസമെത്തുമില്ലാതെ വലയിൽ എത്തിയപ്പോൾ ആതിഥേയർ മത്സരത്തിലെ ആദ്യ ഗോൾ കണ്ടെത്തുകയായിരുന്നു. എന്നാൽ ആറുപതിയാറാം മിനിറ്റിൽ മുഹമ്മദൻസ് വീണ്ടും ലീഡ് വർധിപ്പിച്ചു. ഫയാസ് ഇത്തവണ ഗോൾ കണ്ടെത്തിയത്. പിന്നീട് വർദ്ധിത വീര്യത്തോടെ മത്സരത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിധി ഡെക്കാനെ ആണ് കളത്തിൽ കണ്ടത്.

എഴുപതാം മിനിറ്റിൽ മുഹമ്മദ് അവലിന്റെ വോളിയിലൂടെ ഒരു ഗോൾ മടക്കിയ ശ്രീനിധി, ഒരു മിനിറ്റിന് ശേഷം ഡേവിഡ് കസ്റ്റാന്യെഡയുടെ ഹെഡറിലൂടെ സമനില പിടിച്ചു. എൺപതാം മിനിറ്റിൽ മത്സരത്തിന്റെ ചിത്രം പൂർണമായി മാറ്റിക്കൊണ്ട് ആതിഥേയർ വിജയ ഗോൾ നേടി. സമനില ഗോളിന്റെ ആവർത്തനമെന്നോണം ഫയ്സൽ ഷയെസ്തെയുടെ ഫ്രീകിക്കിൽ തല വെച്ച് ഡേവിഡ് കസ്റ്റാന്യെഡ തന്നെയാണ് വിജയ ഗോളും നേടിയത്.

ട്രാവുവിനെയും തകർത്ത് റിയൽ കശ്മീർ മുന്നേറ്റം, വീണ്ടും ഒന്നാമത്

ഐ ലീഗ് സീസണിൽ റിയൽ കശ്മീർ കുതിപ്പ് തുടരുന്നു. ശ്രീനഗറിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രാവുവിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ആതിഥേയർ സീസണിലെ നാലാം വിജയം കുറിച്ചു. നോസിം, യാകുബു വദുദു, മൊറോ ലാമിനെ എന്നിവർ ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ കൊമ്രോൺ തുർസുനോവ്, ജോൺസൻ സിങ് എന്നിവരാണ് ട്രാവുവിന് വേണ്ടി വല കുലുക്കിയത്. വിജയത്തോടെ റിയൽ കശ്മീർ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ട്രാവു എട്ടാമതാണ്.

ശ്രീനഗറിൽ റിയൽ കശ്മീരിനെ ഞെട്ടിച്ച് കൊണ്ട് ട്രാവു ആണ് ആദ്യം ലീഡ് എടുത്തത്. ഫ്രീകിക്ക് എടുത്ത കോമ്രോൺ സമർഥമായി പന്ത് വലയിൽ എത്തിച്ചു. എന്നാൽ ട്രാവുവിന്റെ ആഹ്ലാദത്തിന് നാല് മിനിറ്റ് മാത്രമായിരുന്നു ആയുസ്. നോസിം ആണ് സമനില ഗോൾ നേടിയത്. നാല്പത്തിയഞ്ചാം മിനിറ്റിൽ ട്രാവു ലീഡ് തിരിച്ചു പിടിച്ചു. ജോൺസൻ സിങിന്റെ ഗോളിൽ രണ്ടാം പകുതി ഒരു ഗോൾ ലീഡോടെയാണ് ട്രാവു ആരംഭിച്ചത്. അൻപത്തിയേഴാം മിനിറ്റിൽ യാകുബു വദുദുവിന്റെ മികവിൽ ഒരിക്കൽ കൂടി റിയൽ കശ്മീർ മത്സരത്തിൽ സമനില പിടിച്ചു.

അറുപതിനാലാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന എത്തി. ക്യാപ്റ്റൻ മൊറോ ലാമിനെ ബോക്സിന് പുറത്തു നിന്നും തൊടുത്ത ഒന്നാന്തരമൊരു ഷോട്ട് ആണ് റിയൽ കശ്മീരിന് നിർണയക ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയിൽ ആതിഥേയർക്ക് മേൽ നേടിയ ആധിപത്യം തുടരാനാവാതെ പോയതോടെ ട്രാവു, റിയൽ കാശമീറിന് മുന്നിൽ മത്സരം അടിയറവ് വെച്ചു.

കെങ്ക്രെയെ വീഴ്ത്തി മുംബൈയിൽ നേരോകക്ക് വിജയം

ഐ ലീഗിൽ സ്വന്തം തട്ടകത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടാൻ ആവാതെ കെങ്ക്രെ എഫ്സി. ഇന്ന് മുംബൈയിൽ വെച്ചു നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയരെ വീഴ്ത്തി നെരോക്ക എഫ്സി വിജയം നേടി. ഇതോടെ പട്ടികയിൽ ഏഴാമതെത്താൻ നെരോക്കക്കായി. കെങ്ക്രെ പത്താം സ്ഥാനത്ത് തുടരുകയാണ്. ജമൈക്കൻ താരം ഫ്ലെച്ചർ ആണ് വിജയികൾക്ക് വേണ്ടി വല കുലുക്കിയത്.

വളരെ പതിഞ്ഞ താളത്തിലാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളിൽ അവസരം തുറന്നെടുക്കാൻ ഇരു ടീമുകൾക്കും ആയില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫ്ലെച്ചറുടെ ഒരു ആക്രോബാറ്റിക്ക് ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. രണ്ടാം പകുതിയുടെ അൻപതിയേഴാം മിനിറ്റിൽ ഫ്ലെച്ചർ ഗോൾ കണ്ടെത്തി. ജക്കനോവാണ് അസിസ്റ്റ് നൽകിയത്. മത്സരത്തിൽ ഭൂരിഭാഗം സമയവും പന്ത് കൈവശം വെക്കാനും നെരോക്കക് സാധിച്ചു. അറുപത് ശതമാനത്തോളം പോസഷൻ അവർക്കുണ്ടായിരുന്നു. പത്തോളം തവണ നെരോക്ക ലക്ഷ്യത്തിലേക്ക് ഉന്നം വെച്ചപ്പോൾ ആതിഥേയർ അതിലും വളരെ പിന്നോക്കം പോയി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ശ്രമിച്ചെങ്കിലും കെങ്ക്രെയെ സമർഥമായി തടുക്കാൻ നെരോക്കക് സാധിച്ചു.

അവസാന നിമിഷം പെനാൽറ്റി നഷ്ടപ്പെടുത്തി ഐസാൾ, വീണ്ടും വിജയ വഴിയിൽ പഞ്ചാബ്

തൊണ്ണൂറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ ക്യാപ്റ്റൻ കിംകിമക്ക് പിഴച്ചപ്പോൾ ഐസാളിന് സമനില നഷ്ടം. റൗണ്ട്ഗ്ലാസ് പഞ്ചാബ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ വിജയം കുറിച്ചു. ഇതോടെ ഒന്നാം സ്ഥാനത്ത് പത്ത് പോയിന്റുമായി നിലയുറപ്പിച്ച റിയൽ കാശ്മീരിനൊപ്പം എത്താനും പഞ്ചാബിനായി. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോട് സമനില വഴങ്ങേണ്ടി വന്ന പഞ്ചാബിന് വീണ്ടും വിജയപാതയിൽ തിരിച്ചെത്താൻ ആയി. തോൽവി ഐസാളിന്റെ എട്ടാം സ്ഥാനത്തിന് ഭീഷണി ആവും.

ആദ്യ പകുതിയിൽ തുല്യ ശക്തികളുടെ പോരാട്ടം ആയിരുന്നു. പതിനാറാം മിനിറ്റിൽ പഞ്ചാബ് ആദ്യ ഗോൾ നേടി. ലൂക്ക മയ്ക്കനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ അനായാസം വലയിൽ എത്തിച്ചു. ഇരുപതിയാറാം മിനിറ്റിൽ ഐസാളിന്റെ സമനില ഗോൾ എത്തി. രംദിൻതാരയുടെ അസിസ്റ്റിൽ ലാൽതൻമാവിയയാണ് ലക്ഷ്യം കണ്ടത്. രണ്ടാം പകുതി ആരംഭിച്ച ശേഷം മയ്കൻ ഒന്നാന്തരമൊരു നീക്കത്തിനൊടുവിൽ ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. എഴുപതിയേഴാം മിനിറ്റിൽ പഞ്ചാബ് വീണ്ടും ലീഡ് സ്വന്തമാക്കി. കോർണറിലൂടെ എത്തിയ ബോളിൽ ഹെഡർ ഉതിർത്ത് പ്രതിരോധ താരം ദീപക് ദേവ്റാണിയാണ് നിർണായക ഗോൾ നേടിയത്.

തൊണ്ണൂറാം മിനിറ്റിൽ മത്സരത്തിന്റെ വിധി നിർണയിക്കുമായിരുന്ന പെനാൽറ്റി എത്തി. എന്നാൽ കിക്ക് എടുത്ത ക്യാപ്റ്റൻ കിംകിമയുടെ ഷോട്ട് ബാറിൽ അടിച്ചു മടങ്ങിയപ്പോൾ ഐസാളിന്റെ സമനിലക്കായുള്ള അവസാന പ്രതീക്ഷയും നഷ്ടമായി.

ചർച്ചിലിനെയും കീഴടക്കി റിയൽ കാശ്മീർ മുന്നേറ്റം

ഐ ലീഗിൽ റിയൽ കാശ്മീർ എഫ് സിയുടെ അപരാജിത കുതിപ്പ് തുടരുന്നു. ചർച്ചിൽ ബ്രദേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കശ്‌മീർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. നാല് മത്സരങ്ങളിൽ നിന്നും ടീമിന്റെ മൂന്നാം വിജയം ആണിത്. പകരക്കാരനായി എത്തിയ നൂറുദ്ധീൻ ആണ് നിർണായക ഗോൾ നേടിയത്. അതേ സമയം ഇതുവരെ ഒരേയൊരു സമനില മാത്രം കൈമുതലായുള്ള ചർച്ചിൽ പതിനൊന്നാം സ്ഥാനത്ത് തുടരുകയാണ്.

ശ്രീനഗറിൽ പതിനഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടാനുള്ള അവസരം ആതിഥേയർക്ക് കൈവന്നു. എന്നാൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ നുഹുവിന്റെ ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. സമുവലിന്റെ ബോക്സിന് പുറത്തു നിന്നുമുള്ള ഒന്നാന്തരമൊരു ഷോട്ട് കൈക്കലാക്കി ആൽബിനോ ചർച്ചിലിന്റെ രക്ഷക്കെത്തി. റിയൽ കശ്മീർ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാൻ ആയില്ല. എഴുപതിയാറാം മിനിറ്റിലാണ് വിജയ ഗോൾ എത്തിയത്. ക്രോസിലൂടെ എത്തിയ ബോളിൽ ഹെഡർ ഉതിർത്ത് ഇബ്രാഹീം നൂറുദ്ധീൻ നിർണായകമായ മൂന്ന് പോയിന്റുകൾ റിയൽ കാശമീരിന് സമ്മാനിച്ചു.

വീണ്ടും ഗോളുമായി മലയാളി താരം ഫസലുറഹ്മാൻ, ട്രാവുവിനെയും വീഴ്ത്തി മൊഹമ്മദൻസ്

മലയാളി താരം ഫസലുറഹ്മാൻ വീണ്ടും വലകുലുക്കിയപ്പോൾ മുഹമ്മദൻസിന് ഐ ലീഗിൽ തുടർച്ചയായി രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ട്രാവു എഫ്സിയെ അവർ കീഴടക്കി. കഴിഞ്ഞ മത്സരത്തിലും താരം ഗോൾ കണ്ടെത്തിയിരുന്നു. വിജയത്തോടെ ട്രാവുവിനെ മറികടന്ന് ആറാമതെത്താനും മുഹമ്മദൻസിനായി.

കൊൽക്കത്തയിൽ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും അവസരം തുറന്നെടുക്കാൻ മടിച്ചപ്പോൾ പന്ത് കൈവശം വെക്കുന്നതിൽ മുൻതൂക്കം ട്രാവുവിനായിരുന്നു. തുടക്കത്തിൽ ട്രാവുവിന്റെ പോകുവിനും ബികാശ് സിങിനും ലഭിച്ച ഹെഡർ അവസരങ്ങൾ ലക്ഷ്യത്തിൽ എത്താതെ പോയി. നാൽപതാം മിനിറ്റിൽ മുഹമ്മദൻസിന്റെ ഗോൾ എത്തി. അഭിഷേക് ബോക്സിലേക്ക് നൽകിയ ട്രാവു പ്രതിരോധത്തിൽ തട്ടി ഫസലുറഹ്മാൻ കാലുകളിൽ എത്തിയപ്പോൾ താരം യാതൊരു പിഴവും കൂടാതെ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ മാർകസ് ജോസഫിന് ലീഡ് ഇരട്ടിയാക്കാനുള്ള അവസരം ലഭിച്ചെങ്കിലും ഷോട്ട് അകന്നു പോയി.

ഗോകുലം കേരളക്ക് വൻ തിരിച്ചടി, ശ്രീനിധി ഡെക്കാനെതിരെ പരാജയം

സീസണിലെ ആദ്യ തോൽവി വഴങ്ങി ഗോകുലം കേരള. ശ്രീനിധി ഡെക്കാൻ എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാംപ്യന്മാരെ കീഴടക്കിയത്. ഡെക്കാൻ അരീനയിൽ നടന്ന മത്സരത്തിൽ അഫ്‌ഗാൻ താരം ഫയ്സൽ ഷായെസ്തേയുടെ ഗോളാണ് ആതിഥേയർക്ക് തുണയായത്. ഇതോടെ അവർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ ഗോകുലം നാലാം സ്ഥാനത്ത് തുടരുകയാണ്.

മത്സരത്തിൽ പലപ്പോഴും താളം കണ്ടെത്താൻ വിഷമിക്കുന്ന ഗോകുലത്തെയാണ് കണ്ടത്. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. ഇരു ടീമുകൾക്കും അവസരം തുറന്നെടുക്കാൻ സാധിച്ചെങ്കിലും ആർക്കും ലക്ഷ്യം കാണാൻ ആയില്ല. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടു മുൻപ് ആശീർ തൊടുത്തു വിട്ട ഒരു അത്യുഗ്രഹൻ ഷോട്ട് കൈക്കലാക്കി ഷിബിൻരാജ് ഗോകുലത്തിന്റെ രക്ഷക്കെത്തി. അറുപതിമൂന്നാം മിനിറ്റിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ എത്തിയത്. ഫയ്സൽ ബോക്സിന് പുറത്തു നിന്നും ഷോട്ട് ഉതിർത്തപ്പോൾ ഇത്തവണ ഗോകുലം പ്രതിരോധത്തിന് മറുപടി ഉണ്ടായിരുന്നില്ല.

അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ഗോകുലം കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. സീസണിൽ ആദ്യമായാണ് ഗോകുലം ഗോൾ വഴങ്ങുന്നത്. കൂടുതൽ ഗോളുകൾ കണ്ടെത്തി മുൻനിര ഫോമിലേക്ക് വരേണ്ടത് ടീമിന് അത്യാവശ്യമാണ്. കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം ഓരോ ഗോൾ വീതമാണ് ഗോകുലം നേടിയിരുന്നത്.

മലയാളി താരം ബ്രിട്ടോക്ക് വീണ്ടും ഗോൾ, രാജസ്ഥാന് മുന്നിലും സുദേവ ഡൽഹി കീഴടങ്ങി

സുദേവ ഡൽഹിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് രാജസ്ഥാൻ യുണൈറ്റഡ് വീണ്ടും വിജയവഴിയിൽ. മാർട്ടിൻ, മലയാളി താരം ബ്രിട്ടോ, മാംമ്പെറ്റലീവ് എന്നിവർ വിജയികൾക്കായി ഗോൾ നേടിയപ്പോൾ സുദേവയുടെ ആശ്വാസ ഗോൾ റ്റെറ്റ്സുകി മിസാവയാണ് കണ്ടെത്തിയത്. ആദ്യ മത്സരത്തിൽ വിജയത്തോടെ ആരംഭിച്ചെങ്കിലും തുടർന്ന് രണ്ടു മത്സരങ്ങളിൽ സമനിലയും തോൽവിയും നേരിട്ട രാജസ്ഥാന് ആശ്വാസമാണ് ഈ വിജയം. അതേ സമയം ലീഗിലെ നാലാം മത്സരത്തിലും തോൽവി മാത്രം നേരിട്ട് വിയർക്കുകയാണ് സുദേവ ഡൽഹി.

ഛത്രസാൽ സ്റ്റേഡിയത്തിൽ സന്ദർശകരാണ് ആദ്യം ഗോൾ നേടിയത്. പതിനഞ്ചാം മിനിറ്റിൽ ക്രോസിൽ നിന്നെത്തിയ ബോൾ ഹെഡറിലൂടെ വലയിൽ എത്തിച്ച് നായകൻ മാർട്ടിൻ ഷാവേസ് ടീമിന് മികച്ച തുടക്കം നൽകി. ഏഴു മിനിട്ടുകൾക്ക് ശേഷം സുദേവ സമനില ഗോൾ കണ്ടെത്തി. റ്റെറ്റ്സു മിസാവയാണ് എതിർ വല കുലുക്കിയത്.

ആദ്യ പകുതിയുടെ എക്സ്ട്രാ മിനിറ്റിൽ രാജസ്‌ഥാൻ വീണ്ടും ലീഡ് നേടി. ബോക്സിന് അകത്തു നിന്നും ബ്രിറ്റോയുടെ ഒരു മികച്ച ഷോട്ട് കീപ്പർ ഒരവസരവും നൽകാതെ വലയിൽ എത്തി. എൺപതിയാറാം മിനിറ്റിൽ പ്രതിരോധ താരം മാംമ്പെറ്റലീവ് കൂടി ഗോൾ കണ്ടെത്തിയതോടെ രാജസ്ഥാൻ വിജയം സുനിശ്ചിതമാക്കി. ഇതോടെ താൽക്കാലികമായി പോയിന്റ് പട്ടികയിൽ നാലാമതെത്താനും അവർക്കായി.

സമനിലയിൽ പിരിഞ്ഞ് ചർച്ചിൽ ബ്രദേഴ്‌സും കെങ്ക്രെയും

സ്വന്തം തട്ടകത്തിൽ വിജയം സ്വപ്നം കണ്ട മുംബൈ ടീമിനെ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ നേടിയ ഗോളിൽ സമനിലയിൽ തളച്ച് ചർച്ചിൽ ബ്രദേഴ്‌സ്. ഇരു ടീമുകളും മികച്ച പോരാട്ടം കാഴ്ച്ച വെച്ചപ്പോൾ, ഓരോ ഗോൾ വീതമടിച്ചാണ് ടീമുകൾ പോയിന്റ് പങ്കുവെച്ചത്. ഇതോടെ കെങ്ക്രെ നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ലീഗിൽ ഉള്ളത്. ഇതുവരെ വിജയം നേടാൻ ആവാത്ത ചർച്ചിൽ പതിനൊന്നാം സ്ഥാനത്താണ്.

മത്സരത്തിൽ ചർച്ചിൽ പന്ത് കൈവശം വെക്കുന്നതിൽ ബഹുദൂരം മുന്നിലായിരുന്നു. ആറാം മിനിറ്റിൽ തന്നെ ആതിഥേയർ ലീഡ് എടുത്തു. അസ്ഫർ നൂറാനിയാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ കെങ്ക്രെ തന്നെയാണ് മികച്ച് നിന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചർച്ചിൽ താരം സിസ്സെയുടെ മികച്ചൊരു ഫ്രീകിക്ക് തട്ടിയകറ്റി ഗോൾ കീപ്പർ പദം ഛേത്രി കെങ്ക്രെയുടെ രക്ഷക്കെത്തി. അറുപത്തി രണ്ടാം മിനിറ്റിൽ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലീഡ് ഉയർത്താൻ ലഭിച്ച അവസരം രഞ്ജീത്തിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ചർച്ചിൽ ആക്രമണം വർധിപ്പിച്ചു. എൺപതിനാലാം മിനിറ്റിൽ കെങ്ക്രെയുടെ നെഞ്ചകം പിളർത്തി കൊണ്ട് സമനില ഗോൾ എത്തി. ഫ്രീകിക്കിലൂടെ എത്തിയ ബോൾ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും മാപ്വിയ വലയിൽ എത്തിച്ചു.

ട്രാവു എഫ്സിയെ വീഴ്ത്തി ശ്രീനിധി ഡെക്കാൻ മുന്നേറ്റം

ഐ ലീഗിൽ ശ്രീനിധി ഡെക്കാന് തുടർച്ചയായ രണ്ടാം വിജയം. സ്വന്തം തട്ടകത്തിൽ ട്രാവു എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ശ്രീനിധി, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. ട്രാവു നാലമതാണ്. അടുത്ത മത്സരത്തിൽ ശ്രീനിധി ഗോകുലത്തെയും ട്രാവു മുഹമ്മദൻസിനെയും ആണ് നേരിടേണ്ടത്. ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോൽവിയോടെ തുടങ്ങേണ്ടി വന്ന ശ്രീനിധിക്ക് തുടർ വിജയങ്ങൾ താളം വീണ്ടെടുക്കാൻ സഹായകമാകും.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഇരു ടീമുകൾക്കും കുറഞ്ഞ അവസരങ്ങൾ മാത്രമേ സൃഷ്ടിച്ചെടുക്കാൻ ആയുള്ളൂ. എങ്കിലും ആർക്കും ലക്ഷ്യത്തിൽ എത്താൻ ആയില്ല. മത്സരത്തിൽ ശ്രീനിധി ഡെക്കാൻ പതിനാറോളം ഷോട്ടുകൾ ഉതിർത്തപ്പോൾ അതിന്റെ നാലിലൊന്ന് മാത്രമേ ട്രാവുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായുള്ളൂ. എങ്കിലും പന്ത് കൈവശം വെക്കുന്നതിൽ ട്രാവു പലപ്പോഴും മുന്നിട്ടു നിന്നു. നാല്പത്തിയൊന്നാം മിനിറ്റിൽ കൊളമ്പിയൻ താരം ഡേവിഡ് മുന്യോസ് ആണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ നേടിയത്.

ഡേവിഡ് തൊടുത്ത ഫ്രീകിക്ക് കീപ്പർക്ക് ഒരവസരവും നൽകാതെ വലയിൽ പതിച്ചു. രണ്ടാം പകുതിയിൽ സമനില ഗോളിനായി ട്രാവുവും ലീഡ് വർധിപ്പിക്കാൻ ശ്രീനിധിയും കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

Exit mobile version